വായ്പ നേടാൻ വേണം മികച്ച ക്രെഡിറ്റ് സ്‌കോർ
കൊച്ചി: ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വേഗത്തിൽ വായ്പ ലഭ്യമാകുന്നതിൽ ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ പ്രധാന ഘടകമാണ്. കേവലം വായ്പകൾ തിരിച്ചടക്കുന്നുവെന്നതു കൊണ്ട് മാത്രം ക്രെഡിറ്റ് സ്കോർ മെച്ചപ്പെടില്ല. സ്വർണ പണയം ഒഴികെയുള്ള വായ്പകളുടെ വിതരണത്തിൽ ക്രെഡിറ്റ് സ്കോർ ബാങ്കുകൾ പരിഗണിക്കുന്നു. ക്രെഡിറ്റ് സ്കോർ ഉയർത്തുകയെന്നത് ലളിതമായ സംഗതിയല്ല. ന്യായമായ പലിശയിലും അതിവേഗത്തിലും വ്യക്തിഗത വായ്പകൾ ലഭിക്കാൻ ഉയർന്ന ക്രെഡിറ്റ് സ്കോർ ആവശ്യമാണ്.
ക്രെഡിറ്റ് സ്‌കോർ
ഒരാളുടെ വായ്പാ തിരിച്ചടവു ശേഷിയും വിശ്വാസ്യതയും വ്യക്തമാക്കുന്ന മൂന്നക്ക സ്കോറാണിത്. ഉപഭോക്താവ് വായ്പ കൃത്യസമയത്ത് വായ്പ തിരിച്ചടക്കാനുള്ള സാദ്ധ്യത മനസിലാക്കാനാണ് ധനകാര്യ സ്ഥാപനങ്ങൾ ക്രെഡിറ്റ് സ്കോർ ഉപയോഗപ്പെടുത്തുന്നത്. റിസർവ് ബാങ്ക് അംഗീകാരമുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളാണ് ഇവ ലഭ്യമാക്കുന്നത്.
ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്
വായ്പാ ചരിത്രം, വായ്പകളുടെ ഉപയോഗം, വാങ്ങിയ മൊത്തം വായ്പകൾ, തിരിച്ചടവ് കൃത്യത, കടത്തിന്റെ പരിധി തുടങ്ങിയ വിവിധ വിവരങ്ങൾ വിശകലനം നടത്തിയാണ് ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്.
സ്കോർ മെച്ചപ്പെടുത്താനുള്ള വഴികൾ
1.തിരിച്ചടക്കാത്ത ബില്ലുകൾ
വായ്പകളോ ക്രെഡിറ്റ് കാർഡ് ബില്ലുകളോ യഥാസമയം തിരിച്ചടക്കുന്നതിൽ വീഴ്‌ച വരുത്തരുത്. നിശ്ചിത തിയതിക്ക് മുൻപ് തന്നെ ക്രെഡിറ്റ് കാർഡ് ബില്ലുകളും ഇ.എം.ഐകളും അടയ്ക്കണം. ഒരു ദിവസം തിരിച്ചടവ് വൈകിയാൽ പ്രശ്നമില്ലെന്ന് കരുതരുത്. ഇക്കാര്യം വളരെ പ്രധാനമാണ്.
2.ക്രെഡിറ്റ് കാർഡ് ബിൽ പൂർണമായി അടയ്ക്കണം
ക്രെഡിറ്റ് കാർഡ് ബില്ലുകളുടെ തുക പൂർണമായും അടച്ചു തീർക്കണം. മിനിമം ഡ്യൂ തുക അടച്ച് പോയാൽ ക്രെഡിറ്റ് സ്കോർ കുറയും.
3. ക്രെഡിറ്റ് കാർഡ് ബാദ്ധ്യത തീർക്കുക
ക്രെഡിറ്റ് കാർഡ് ബാദ്ധ്യത വളരെ കൂടുന്ന സാഹചര്യത്തിൽ ഡിസ്കൗണ്ടോടെ ബിൽ സെറ്റിൽ ചെയ്യുന്ന രീതി ഏറെയാണ്. ബാദ്ധ്യത ഒഴിവാകാൻ ഈ ആനുകൂല്യം സഹായിക്കുമെങ്കിലും അതോടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ താഴേക്ക് പോകും
4. ക്രെഡിറ്റ് ലിമിറ്റ് ഉയർന്ന തലത്തിൽ വേണം
നമ്മുടെ ക്രെഡിറ്റ് ആവശ്യത്തേക്കാൾ ഉയർന്ന ക്രെഡിറ്റ് പരിധി കാർഡിൽ നിശ്ചയിക്കുന്നതാണ് അഭികാമ്യം. അതായത് സാധാരണ നമ്മുടെ ക്രെഡിറ്റ് ആവശ്യം അഞ്ച് ലക്ഷമാണെങ്കിൽ കാർഡ് പരിധി പത്ത് ലക്ഷമാക്കുന്നത് നല്ലതാണ്.
5. ഉപയോഗിക്കാത്ത കാർഡ് ക്യാൻസൽ ചെയ്യരുത്
കാലങ്ങളായി ഉപയോഗിക്കാത്ത കൈവശമുള്ള കാർഡുകൾ ക്യാൻസൽ ചെയ്യുന്നവർ ഏറെയാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ വേണമെങ്കിൽ അങ്ങനെ ചെയ്യരുത്.
(പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ദുബായിലെ സാറ്റ് മാനേജ്‌മെന്റ് കൺസൾട്ടൻസിയുടെ മാനേജിംഗ് ഡയറക്‌ടറുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |