റിസർവ് ബാങ്ക് നവീകരിച്ച ചട്ടങ്ങൾ പുറത്തിറക്കി
കൊച്ചി: മരണമടഞ്ഞ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും ആവശ്യമായ രേഖകൾ ലഭിച്ച് 15 ദിവസത്തിനുള്ളിൽ അവകാശികൾക്ക് കൈമാറണമെന്ന നിർദേശങ്ങളുമായി റിസർവ് ബാങ്ക് ബാങ്കിംഗ് ചട്ടങ്ങൾ പുതുക്കി. ക്ളെയിം സെറ്റിൽ ചെയ്യാൻ കാലതാമസമുണ്ടായാൽ അവകാശികൾക്ക് നഷ്‌ടപരിഹാരം നൽകണം. വിവിധ നടപടികൾ ഏകീകരിച്ച് കുടുംബാംഗങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പുതിയ ചട്ടം ലക്ഷ്യമിടുന്നത്. അടുത്ത വർഷം മാർച്ച് 31ന് മുൻപ് നടപ്പാക്കണം.
നിക്ഷേപ അക്കൗണ്ടുകളിൽ നിക്ഷേപകൻ നോമിനിയെയോ പിന്തുടർച്ചാവകാശിയെയോ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ തുക ഉപഭോക്താവിന്റെ മരണ ശേഷം അവകാശികൾക്ക് കൈമാറേണ്ടതിന്റെ ഉത്തരവാദിത്തം ബാങ്കുകൾക്കാണെന്നും ചട്ടം വ്യക്തമാക്കുന്നു. നോമിനിയോ പിന്തുടർച്ചാവകാശിയോ ഇല്ലെങ്കിലും നിയമപരമായ അവകാശികൾക്ക് കൈമാറാൻ ബാങ്കുകൾ ലളിതമായ നടപടിക്രമങ്ങൾ പാലിക്കണം.
നടപടിക്രമം
നോമിനി/പിന്തുടർച്ചാവകാശി ഉണ്ടെങ്കിൽ
* പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്, കോടതി അംഗീകൃത വിൽപ്പത്രം, ലെറ്റർ ഒഫ് അഡ്‌മിനിസ്ട്രേഷൻ, നഷ്‌ടപരിഹാര ബോണ്ട്, ആൾജാമ്യം എന്നിവ ബാങ്കുകൾ ആവശ്യപ്പെടരുത്
*നിശ്ചിത ഫോം, മരണ സർട്ടിഫിക്കറ്റ്, നോമിനിയുടെ തിരിച്ചറിയൽ രേഖ എന്നിവ മാത്രം മതി
നോമിനി/ജോയിന്റ് അക്കൗണ്ട് ഹോൾഡർ ഇല്ലെങ്കിൽ
(ബാലൻസ് സഹകരണ ബാങ്കുകളിൽ അഞ്ച് ലക്ഷത്തിൽ താഴെയും ബാങ്കുകളിൽ 15 ലക്ഷത്തിൽ താഴെയുമാണെങ്കിൽ)
ക്ളെയിം ഫോം, മരണ സർട്ടിഫിക്കറ്റ്, അവകാശിയുടെ തിരിച്ചറിയൽ രേഖ, ഇൻഡെംനിറ്റി ബോണ്ട്, മറ്റ് അവകാശികളുടെ എതിർപ്പില്ലാ രേഖ, നിയമപരമായ അവകാശിയെന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുടുംബത്തിന് പരിചയമുള്ള വ്യക്തിയുടെ സത്യപ്രസ്താവന എന്നിവ മതിയാകും. ആൾ ജാമ്യം നൽകേണ്ടതില്ല.
തുക പരിധിക്ക് മുകളിലാണെങ്കിൽ
പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് നിർബന്ധം. അല്ലെങ്കിൽ കുടുംബത്തെ അറിയാവുന്ന ഒരാളുടെ സത്യപ്രസ്താവന ജഡ്‌ജിയോ നോട്ടറിയോ സാക്ഷ്യപ്പെടുത്തിയത് നൽകണം. ഇത്തരം സാഹചര്യത്തിൽ നേരത്തെ നിശ്ചയിച്ച സർട്ടിഫിക്കറ്റുകൾക്കൊപ്പം ആൾ ജാമ്യവും ആവശ്യപ്പെടാം.
മറ്റ് വ്യവസ്ഥകൾ
1. വിൽപ്പത്രമുണ്ടെങ്കിൽ കോടതി അംഗീകാരമുള്ള പ്രൊബേറ്റ് പ്രകാരം സെറ്റിൽ ചെയ്യാം. തർക്കങ്ങളോ നിയമപ്രശ്നങ്ങളോ ഇല്ലെങ്കിൽ പ്രൊബേറ്റില്ലെങ്കിലും ബാങ്കുകളുടെ വിവേചനാധികാരം ഉപയോഗിച്ച് സെറ്റിൽ ചെയ്യാം.
2. മരിച്ചതിനു ശേഷം അക്കൗണ്ടിലേക്ക് പണം വന്നാൽ അക്കൗണ്ട് ഉടമ മരിച്ചുവെന്ന് വ്യക്തമാക്കി തുക തിരിച്ചയച്ച് വിവരം അവകാശികളെ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |