കൊച്ചി: ഉടമയെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്യരുതെന്നും ബാങ്കുകൾ ഇതിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്ക് കൊച്ചിയിൽ സംഘടിപ്പിച്ച ഐ.ടി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭവനരഹിതർ ഇല്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ ഏക വീട് മാത്രമുള്ളവരെ ജപ്തി ചെയ്താൽ ഭവനരഹിതർ കൂടും. കുട്ടികളുടെ പരീക്ഷാ കാലയളവിൽ ജപ്തിയടക്കമുള്ള നടപടികളിൽ നിന്ന് ബാങ്കുകൾ പിന്മാറണം. ഇതിനായി നിയമം നിർമ്മിക്കും. സുരക്ഷിതമായ ഓൺലൈൻ സംവിധാനം ഒരുക്കേണ്ട ബാദ്ധ്യത ബാങ്കുകൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
14 ബാങ്കുകളുടെ ഐ.ടി ഏകീകരണം അടിസ്ഥാനമാക്കി കേരള ബാങ്ക് തയ്യാറാക്കിയ കേസ് ഡയറി നബാർഡ് ചെയർമാൻ കെ.വി. ഷാജിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സഹകരണമന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു.
ഡിജിറ്റൽ നവീകരണം പ്രോത്സാഹിപ്പിക്കാൻ ഫിൻടെക് ഇന്നൊവേഷൻ സോൺ രൂപീകരിക്കാൻ കേരള ബാങ്ക് സി.ഇ.ഒ. ജോർട്ടി എം. ചാക്കോയും സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബികയും ധാരണാപത്രം കൈമാറി.
കൊച്ചി മേയർ എം. അനിൽകുമാർ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ഇൻഫോസിസ് ഗ്ലോബൽ ഹെഡ് സുധീർ ബാബു, വിപ്രോ വൈസ് പ്രസിഡന്റ് വിശാൽ ദീക്ഷിത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |