ന്യൂഡൽഹി: രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്‌ക്ക് വൻപ്രതീക്ഷയായി ആൻഡമാൻ കടൽത്തീരത്ത് പ്രകൃതി വാതക സാന്നിദ്ധ്യം. ഇതു പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ വ്യവസായശാലകളിലും വാഹനങ്ങളിലും ഇന്ധനമായും വീടുകളിൽ പാചക വാതകമായും ഉപയോഗിക്കാം. നിലവിൽ എൽ.എൻ.ജി വൻതോതിൽ ഇറക്കുമതി ചെയ്യുകയാണ്.
കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതി വാതക നിക്ഷേപത്തിന്റെ വലിപ്പവുംവാണിജ്യസാദ്ധ്യതയും പരിശോധിച്ചു വരികയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തു നിന്ന് 9.20 നോട്ടിക്കൽ മൈൽ (17 കിലോമീറ്റർ) അകലെയുള്ള ആഴക്കടൽ പര്യവേക്ഷണ കിണറായ വിജയപുരം രണ്ടിലാണ് പ്രകൃതി വാതകം കണ്ടെത്തിയത്. കിണറിലെ 2212 മുതൽ 2250 മീറ്റർ വരെയുള്ള പരിധിയിൽ സാമ്പിളുകൾ പരിശോധിച്ചപ്പോൾ കത്തുന്ന പ്രകൃതിവാതകത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. കപ്പൽ മാർഗം കാക്കിനാഡയിലേക്ക് കൊണ്ടുവന്ന് ലാബിൽ പരിശോധിച്ചപ്പോൾ 87% മീഥേൻ സ്ഥിരീകരിച്ചു. ആൻഡമാൻ തീരം പ്രകൃതിവാതകത്താൽ സമ്പന്നമാണെന്ന വിലയിരുത്തലിലെ പ്രധാന ചുവടുവയ്പ്പാണിതെന്നും കൂട്ടിച്ചേർത്തു.
ഊർജ്ജ സ്വാതന്ത്ര്യത്തിലേക്ക്
#വലിയതോതിൽ പ്രകൃതിവാതക നിക്ഷേപം ആൻഡമാൻ തീരത്തുണ്ടെങ്കിൽ രാജ്യത്തിന്റെ സമ്പദ്മേഖലയിലും നയതന്ത്ര രംഗത്തും വൻചലനമുണ്ടാക്കും. ഊർജ്ജ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്‌പ്പാകും.
#വ്യവസായങ്ങളുടെ ഉത്പാദന ചെലവ് കുറയും. സാധന വില കുറയും. പൈപ്പ് ലൈൻ സെക്‌ടർ, ഉത്പാദനം തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ വർദ്ധിക്കും
പ്രകൃതിവാതക വൈദ്യുത പദ്ധതികളുടെ പ്രവർത്തനത്തിനും ചെലവ് കുറവാണ്
ഖനനം ലളിതം
വിതരണ സംവിധാനത്തിൽ സങ്കീർണതകളില്ല.
എത്ര ദൂരേയ്‌ക്ക് വേണമെങ്കിലും പൈപ്പ് ലൈനിലൂടെ കൊണ്ടുപോകാം. വേർതിരിച്ചെടുക്കാനും ഭീമമായ ചെലവില്ല
കാർബൺ പുറത്തുവിടുന്നത് കുറവ്
കാര്യമായ പരിസ്ഥിതി മലിനീകരണമില്ല
എന്താണ് പ്രകൃതിവാതകം
മീഥേൻ അടങ്ങിയ സ്വാഭാവിക ഹൈഡ്രോകാർബൺ വാതക മിശ്രിതമാണ്. പെട്ടെന്ന് കത്തും. പ്രകൃതിവാതകത്തിന്റെ 70 മുതൽ 90% മീഥേനായിരിക്കും. വ്യത്യസ്‌ത അളവുകളിൽ ആൽക്കെയ്‌നുകളും, ചെറിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ, ഹൈഡ്രജൻ സൾഫൈഡ്, ഹീലിയവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |