വിജ്ഞാപനം രണ്ടു മാസത്തിനകം വേണം
ആന്റിവെനം സംസ്ഥാനത്ത് വികസിപ്പിക്കണം
കൊച്ചി: പാമ്പുകടിയും അതുമൂലമുള്ള മരണങ്ങളും രോഗങ്ങളുടെ പട്ടികയിലാക്കി സർക്കാർ രണ്ടു മാസത്തിനകം വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി. സമഗ്ര നയരൂപീകരണത്തിനും വിവരശേഖരണം കാര്യക്ഷമമാക്കാനും ഇത് അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.
സ്കൂളുകളിലെ പാമ്പുശല്യം പ്രതിരോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ മാർഗരേഖയിൽ ഉൾപ്പെട്ടതാണീ നിർദ്ദേശം. ഇതുൾപ്പെടുത്തി സർക്കുലർ രണ്ടാഴ്ചയ്‌ക്കകം പ്രസിദ്ധീകരിക്കണം. ആന്റിവെനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ വേഗത്തിലാക്കണം.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്. ബത്തേരിയിലെ സ്‌കൂളിൽ വിദ്യാർത്ഥി പാമ്പുകടിയേറ്റു മരിച്ച പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിംഗ് നൽകിയ ഹർജിയും കോടതി സ്വമേധയാ എടുത്ത ഹർജിയും തീർപ്പാക്കിയാണ് നിർദ്ദേശങ്ങൾ. കേരള പൊതുജനാരോഗ്യ നിയമ(2023) പ്രകാരമുള്ള പട്ടികയിലാണ് ഉൾപ്പെടുത്തേണ്ടത്.
പല സംസ്ഥാനങ്ങളും പാമ്പുകടിയെ 'നോട്ടിഫൈഡ് ഡിസീസ്" പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളത്തിൽ അങ്ങനെ ചെയ്യാത്തതിനാൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എത്തുന്ന കേസുകൾ ക്രോഡീകരിക്കാനോ സമഗ്രനയം രൂപീകരിക്കാനോ കഴിയുന്നില്ല. ആന്റി വെനം ഉറപ്പാക്കുന്നതിലും ആശുപത്രികളിൽ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും ന്യൂനതകളുണ്ട്. മരിച്ച കുട്ടിയുടെ പിതാവിന്റെ നഷ്ടപരിഹാര അപേക്ഷ ഉചിതമായ ഫോറത്തിൽ സമർപ്പിക്കാമെന്നും കോടതി പറഞ്ഞു.
ആന്റിവെനം ഉറപ്പാക്കൽ
സ്കൂളിന്റെ ചുമതലയല്ല
സർക്കാർ സർക്കുലർ വെബ്സൈറ്റിൽ ഇടണം. അഭിപ്രായങ്ങൾ സമർപ്പിക്കാൻ ഇ-മെയിൽ വിലാസം നൽകണം
ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകണം. ഉദ്യോഗസ്ഥരുടെ പങ്ക് വിവരിക്കണം. ആന്റിവെനം ഉറപ്പാക്കൽ സ്കൂളുകളുടെ ചുമലിൽ വയ്‌ക്കരുത്
വിവരങ്ങൾ പുതുക്കുന്നതിനും പ്രതിരോധ മേൽനോട്ടത്തിനും ചീഫ് സെക്രട്ടറിയുടെ സമിതി നടപടിക്രമം തയാറാക്കണം
പാമ്പുകടി സംഭവങ്ങളുടെ വിവരശേഖരണത്തിന് സംസ്ഥാന, ജില്ലാതല നോഡൽ ഓഫീസർമാരെ നിയോഗിക്കണം
സംയുക്ത സമിതി വർഷത്തിൽ രണ്ടു തവണയെങ്കിലും ചേരണം. ആവശ്യമായ ഭേദഗതികളും നിർദ്ദേശിക്കണം
ലീഗൽ സർവീസസ് അതോറിറ്റിയെയും എൻ.ജി.ഒകളെയും സഹകരിപ്പിക്കണം
സമിതിയുടെ
പ്രധാന നിർദ്ദേശം
1 പാമ്പുകൾ വരാനുള്ള സാഹചര്യം സ്‌കൂൾ ചുറ്റുപാടുകളിൽ ഇല്ലെന്ന് ഉറപ്പാക്കണം
2 കുട്ടികളുടെ ബാഗും ഷൂസും ക്ലാസിന് പുറത്തു സൂക്ഷിക്കരുത്
3 ആന്റിവെനം ലഭ്യമാവുന്ന ആശുപത്രികളുടെ പട്ടിക സ്‌കൂളുകളിൽ സൂക്ഷിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |