
ന്യൂഡൽഹി: ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികൾ തിരിച്ചടിയായെന്ന പ്രതികരണമാണ് മഹാസഖ്യത്തിലെ പാർട്ടികളിൽ നിന്നുണ്ടായത്. എസ്.ഐ.ആറിനെതിരെ സുപ്രീംകോടതിയിൽ വരെ പ്രതിപക്ഷ പാർട്ടികൾ പോരാടുന്നതിനിടെയാണ് ബീഹാറിലെ കനത്ത പരാജയം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞ 'വോട്ടുക്കൊള്ള' ഇതാണെന്ന് കോൺഗ്രസിന്റെ ബീഹാറിലെ നിരീക്ഷകനും,രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷനും,ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയെന്നും ആരോപിച്ചു. എസ്.ഐ.ആർ 'തിരഞ്ഞെടുപ്പ് ഗൂഢാലോചന'യാണെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്‌ക്ക് ശേഷം 7.42 കോടി വോട്ടർമാരാണ് പട്ടികയിൽ ഉണ്ടായിരുന്നതെന്ന് സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. എന്നാൽ,തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ 3 ലക്ഷത്തിൽപ്പരം വോട്ടുകൾ അധികമായി ചേർത്തിരിക്കുന്നു. ഇക്കാര്യത്തിൽ കമ്മിഷൻ വിശദീകരണം നൽകണമെന്ന് ദീപാങ്കർ ഭട്ടാചാര്യ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |