ഇലവുംതിട്ട: ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലാശയങ്ങളിലൊന്നായ രാമൻചിറയ്ക്കു സമീപം മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ. കുളനട ഗ്രാമപഞ്ചായത്താണ് മാലിന്യ സംഭരണകേന്ദ്രം സ്ഥാപിക്കുന്നത്,. പഞ്ചായത്തിലെ ഒൻപതാം വാർഡിൽ ആറ് ഏക്കറിലാണ് പ്രകൃതി രമണീയമായ രാമൻചിറ ജലാശയം . ഈ ജലാശയത്തിന്റെ പേരിലാണ് പ്രദേശം അറിയപ്പെടുന്നത്. കടുത്ത വേനലിൽ പോലും വെള്ളമുണ്ടാകും. ജലാശയത്തിൽ നിന്നുമുള്ള വെള്ളം ഉറവകളായി എത്തുന്നതുമൂലമാണ് സമീപത്തെ കിണറുകൾ വെള്ളം ലഭിക്കുന്നത്. . രാമൻചിറയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയിൽ നിന്ന് 40 ലക്ഷം രൂപ ചെലവിൽ ചിറ നവീകരിച്ചിരുന്നു ഇതിനുശേഷം ചിറയ്ക്കു സമീപം മാലിന്യം നിക്ഷേപിക്കരുതെന്ന് കാട്ടി ഗ്രാമപഞ്ചായത്ത് ബോർഡും സ്ഥാപിച്ചു. ഇതിനു പിന്നാലെയാണ് എം.സി.എഫ് പദ്ധതി പ്രകാരം ഇവിടെ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നത്.
------------------
ജലാശയത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കുകയോ പ്രദേശത്തെ ജനങ്ങളുമായി അലോചിക്കുകയോ ഗ്രാമസഭയിൽ ചർച്ച ചെയ്യുകയോ ചെയ്യാതെയാണ് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാൻ ഗ്രാമപഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്.
ആരോഗ്യമന്ത്രിക്കും ജില്ലാകളക്ടർക്കും ശുചിത്വമിഷനും പരാതി നൽകിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ പ്രതിഷേധം ക്തമാക്കും.
എം.എസ്.മുരളി
പ്രദേശവാസി
----------------------
ചിറയ്ക്ക് സമീപമുള്ള പാലമരം സമീപത്തെ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ യക്ഷിയമ്മ പ്രതിഷ്ഠയുമായി ബന്ധമുള്ളതും, പ്രത്യേക ആചരങ്ങൾ നടത്തുന്നതുമാണ്. ഈ പാലമരത്തോട് ചേർന്നുള്ള ഭാഗത്താണ് മാലിന്യ സംഭരണ കേന്ദ്രത്തിനായി ഗ്രാമ പഞ്ചായത്ത് സ്ഥലം ഒരുക്കിയിട്ടുള്ളത്. ജനങ്ങളുടെ ആശങ്ക അറിയിക്കാനെത്തിയ ക്ഷേത്രകമ്മിറ്റി ഭാരവാഹികളോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു.
ദിലീപ് സതീഷ്
പ്രസിഡന്റ്, ക്ഷേത്ര കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |