രാവിലെ നടക്കാനിറങ്ങിയതാണ്. നാലുചുറ്റിലും നിന്ന് തെരുവുനായ്ക്കൾ വളഞ്ഞു. അതുകൊണ്ട് നടന്നില്ല. ഒാടി. നായ്ക്കൾ പിന്നാലെ ഒാടി. കൂട്ടഒാട്ടത്തിനൊടുവിൽ വീടുപറ്റിയപ്പോൾ ഭാര്യ ചോദിച്ചു- "എന്തു പറ്രി, ഇന്ന് കൂടുതൽ കിതയ്ക്കുന്നല്ലോ."
നായ്ക്കളോടുള്ള ദേഷ്യം ഭാര്യയോടു തീർത്തു. മോങ്ങാനിരിക്കുന്ന നായുടെ തലയിൽ തേങ്ങാവീണെന്നു പറയുന്നതുപോലെ ഭാര്യ പിണങ്ങി. തെരുവുനായ്ക്കൾ കാരണം കുടുംബകലഹം ഫലം.
മനുഷ്യർക്ക് നടക്കാനുള്ളതല്ല വഴി. നായ്ക്കൾക്ക് കുരയ്ക്കാനുള്ളതാണ് വഴി. ആ വഴിയിൽ മനുഷ്യർ നടക്കണോ വേണ്ടയോ എന്ന് നായ്ക്കൾ തീരുമാനിക്കും. നാടുനീളെ തെരുവുനായ്ക്കൾ പെറ്റുപെരുകിയിട്ടും അധികാരികൾക്ക് കൂസലില്ല. അധികാരികൾ വഴിനീളെ തേരാപ്പാരാ നടക്കുന്നവരല്ല. ആനപ്പുറത്തിരിക്കുന്ന അവർക്ക് നായയെ പേടിക്കേണ്ടല്ലോ.
കുരയ്ക്കുന്ന പട്ടി കടിക്കില്ലെന്നാണ് ചൊല്ല്. വെറുതെയാണത്. കടിക്കണമെന്നു തോന്നിയാൽ ഏതുപട്ടിയും കടിക്കും. സംശയമുണ്ടെങ്കിൽ പട്ടികടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിവരുന്നവരുടെ ലിസ്റ്റുനോക്കു. നാൾക്കുനാൾ കൂടിവരുന്നതേയുള്ളു അത്. പട്ടിയെ പട്ടിയെന്ന് വിളിക്കാതെ നായ എന്ന് വിളിച്ച് ബഹുമാനം കൊടുത്തവരാണ് നമ്മൾ. എന്നിട്ടും നായ്ക്കൾക്ക് നമ്മളോട് ബഹുമാനമില്ല . പട്ടിക്കുള്ള വിലപോലും അവ നമുക്ക് തരുന്നില്ല.
നടക്കുന്നവരെ മാത്രമല്ല, വാഹനത്തിൽ പോകുന്നവരെയും നായ്ക്കൾ വെറുതെ വിടില്ല. ഇന്ത്യയിലെ ആദ്യത്തെ വാഹനാപകടം നടന്നത് പോലും നായ നിമിത്തമാണ്. 1914ലാണത്. അതും കേരളത്തിൽ. ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ കാറിന് മുന്നിലേക്കാണ് നായ ചാടിയത്. കാറിൽ ബന്ധുവായ എ.ആർ.രാജരാജവർമ്മയും ഉണ്ടായിരുന്നു . വൈക്കം ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കായംകുളത്ത് വച്ചാണ് നായ അതിക്രമം കാട്ടിയത്. റോഡിലേക്ക് കുരച്ചുചാടിയ നായയെ കണ്ട് ഡ്രൈവർ കാർ വെട്ടിത്തിരിച്ചതാണ്. കാർ ഒാടയിലേക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
അക്കാലത്ത് കേരളത്തിൽ രണ്ട് കുടുംബത്തിലേ കാറുള്ളായിരുന്നു. ഒന്ന് രാജകുടുംബത്തിനും മറ്റൊന്ന് ആലുംമൂട്ടിൽ ചാന്നാർക്കും. പക്ഷേ നായ്ക്കൾ ഇന്നത്തെപ്പോലെ അന്നും എല്ലായിടത്തുമുണ്ടായിരുന്നു. പൂച്ചയ്ക്കാര് മണികെട്ടും എന്നൊരു ചൊല്ലുണ്ട്. പക്ഷേ പൂച്ചകൾ സാധുക്കളാണ്. കണ്ണടച്ച് പാലുകുടിക്കുന്നപഞ്ചപാവങ്ങൾ. പൂച്ചയ്ക്കല്ല മണികെട്ടേണ്ടത്. തെരുവുനായ്ക്കൾക്കാണ്. അധികൃതർ കെട്ടുമോ എന്നതാണ് ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |