ചെന്നൈ: ഡി.എം.കെയേക്കാൾ ജനപിന്തുണ തങ്ങൾക്കാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിൽ ടി.വി.കെ നേതാക്കൾ നടത്തിയ എടുത്തുചാട്ടമാണ് കരൂരിൽ ശനിയാഴ്ച പ്രചാരണ റാലി സംഘടിപ്പിക്കുന്നതിലേക്ക് എത്തിയത്.
ടി.വി.കെ നേരത്തെ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ ചാർട്ട് പ്രകാരം ശനിയാഴ്ച വടക്കൻ ചെന്നൈയിലാണ് പ്രചാരണ പരിപാടി നടക്കേണ്ടത്. എന്നാൽ സെപ്തംബർ 17ന് ഡി.എം.കെ കരൂരിൽ നടത്തിയ മുപ്പെരുംവിഴയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. അതിനേക്കാൾ വലിയൊരു ജനക്കൂട്ടം സംഘടിപ്പിച്ച് ശക്തി തെളിയിക്കാനാണത്രെ ടി.വി.കെ നേതാക്കൾ 28ലെ പരിപാടിയിൽ മാറ്റം വരുത്തിയത്.
കരൂരിനടുത്തുള്ള കൊടങ്ങിപ്പട്ടിയിൽ കൂറ്റൻ വേദിയിയൊരുക്കിയായിരുന്നു 17ന് ഡി.എം.കെ നടത്തിയ മുപ്പെരും വിഴ.സാമൂഹിക പരിഷ്‌കർത്താവായ പെരിയാർ ഇ.വി.രാമസാമി ജന്മദിനവും മുൻ മുഖ്യമന്ത്രിയും പാർട്ടി സ്ഥാപകനുമായ സി.എൻ.അണ്ണാദുരൈയുടെ അനുസ്മരണവും പാർട്ടി സ്ഥാപകദിനവും ഒരുമിച്ച് ആഘോഷിക്കുന്ന മുപ്പെരും വിഴ എല്ലാ വർഷവും സെപ്തംബർ 17ന് ഡി.എം.കെ ആഘോഷിക്കുമെങ്കിലും ഇത്തവണ ശക്തിപ്രകടനമായി കൂടി അതുമാറിയിരുന്നു.
ഡി.എം.കെ സർക്കാരിനെ വിമർശിച്ചുകൊണ്ട് ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് സംസ്ഥാന പര്യടനം തുടങ്ങിയ പശ്ചാത്തലത്തിലാണ് വിപുലമായ സമ്മേളനം ഡി.എം.കെ സംഘടിപ്പിച്ചത്.
പൊലീസിന് നന്ദി പറഞ്ഞു കൊണ്ടാണ് കരൂരിൽ വിജയ് പ്രസംഗം ആരംഭിച്ചത്.വൈകിയാണെങ്കിലും കരൂരിൽ എത്താൻ സഹായിച്ചത് പൊലീസ് ക്രമീകരണം കാരണമെന്നാണ് വിജയ് പറഞ്ഞത്.കരൂരിൽ എന്ന പേര് കേട്ടാൽ ഒരേ ഒരു പേര് കേൾക്കുന്നു. കരൂർ എം.എൽ.എയും മുൻ മന്ത്രിയുമായ സെന്തിൽബാലാജിയെ ഉദ്ദേശിച്ചായിരുന്നു ഈ വാക്കുകൾ
ഇപ്പോഴും അയാൾ മന്ത്രിയെ പോലെയാണ്. 'ബോട്ടിലിക്ക് പത്ത് രൂപാ...ബോട്ടിലിക്ക് പത്ത് രൂപാ...' എന്ന് ടാസ്‌മാക് അഴിമതി സൂചിപ്പിച്ചുകൊണ്ട് പാടി. കരൂരിൽ ഡി.എം.കെ നടത്തിയത് മുപ്പതുപേർ വിഴയെന്ന് കളിയാക്കി.ഭരണം മാറുമെന്ന് പൊലീസിന് മുന്നറിയിപ്പ് നൽകുമ്പോൾ അപ്പുറത്ത് കുഴഞ്ഞു വീണവരേയും കൊണ്ട് ആംബുലൻസ് നീങ്ങുന്നുണ്ടായിരുന്നു.ഒരാൾ വിജയുടെ വാഹനത്തിനു സമീപമാണ് കുഴഞ്ഞു വീണത്.അപ്പോഴൊന്നും വിജയ്‌യുടെ ശ്രദ്ധയിൽ അപകടംപെട്ടിരുന്നില്ല.
'കോൺഫിഡന്റായിറിങ്കെ വെട്രി നിശ്ചയം' എന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുമ്പോഴാണ് ചുറ്റും ആളുകൾ കുഴഞ്ഞു വീഴുന്നുവെന്ന് താരം മനസിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |