മലപ്പുറം: ജൽജീവൻ മിഷനിൽ ജില്ലയിൽ പൂർണ്ണമായും വാട്ടർ കണക്ഷനുകൾ നൽകാനായത് എടവണ്ണ, കുറുവ, മുതുവല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ മാത്രം. ഇവിടങ്ങളിൽ തന്നെ വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം പൂർത്തിയാവാനുണ്ട്. ശേഷിക്കുന്ന 95 ഗ്രാമപഞ്ചായത്തുകളിലായി 4,30,375 കണക്ഷനുകൾ കൂടി നൽകേണ്ടതുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതു യാഥാർത്ഥ്യമാവാതെ വന്നതോടെ കാലാവധി 2028 ഡിസംബർ വരെ നീട്ടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നിശ്ചയിച്ച സമയപരിധിക്കകം പദ്ധതി പൂർത്തിയാക്കാനാവുമോ എന്ന ആശങ്ക ശക്തമാണ്.
2020-21 സാമ്പത്തിക വർഷം തുടക്കമിട്ട ജൽജീവൻ മിഷനിൽ ഇതുവരെ 2,22,576 വീടുകളിലാണ് കുടിവെള്ള കണക്ഷൻ നൽകിയത്. ജില്ലയിൽ 6,52,951 ടാപ്പ് കണക്ഷനുകൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ഏപ്രിൽ മുതൽ ഇതുവരെ 14,046 ടാപ്പ് കണക്ഷനുകളാണ് നൽകിയത്. വേനലെത്തും മുമ്പേ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട സ്ഥിതിയിലാണ് ജില്ലയിലെ പല ഗ്രാമപ്രദേശങ്ങളും. ഇതിന് പരിഹാരമാവേണ്ട പദ്ധതിയാണ് ഫണ്ടിന്റെ കുറവ് മൂലം ഇഴയുന്നത്. 2025-26 സംസ്ഥാന ബഡ്ജറ്റിൽ പദ്ധതിക്കായി ആകെ 560 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മലപ്പുറം പ്രൊജക്ട് ഡിവിഷന് കീഴിൽ മാത്രം കരാറുകാർക്ക് 400 കോടിയോളം രൂപ കുടിശ്ശികയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷവും വകയിരുത്തിയ തുക കുറവായിരുന്നു.
യാഥാർത്ഥ്യമാവുമോ
വർഷം........... നൽകിയ കണക്ഷൻ
2020- 21 ................ 24,197
2021- 22 ................. 77,404
2022- 23 ................. 80013
2023- 24 ................. 44,044
2024- 25 ................ 10,964
2025- 26 ................ 14,406
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |