തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യനിക്ഷേപം തടയുന്നതിന് തോട് പൂർണമായും മറയ്ക്കുന്ന രീതിയിൽ കമാനവേലി (ഡോം ഫെൻസിംഗ്) സ്ഥാപിക്കാൻ ജില്ലാ കളക്ടർ വിളിച്ച വകുപ്പ് അദ്ധ്യക്ഷന്മാരുടെ യോഗത്തിൽ തീരുമാനം.
മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. ഐ.ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ അന്വേഷണവിഭാഗത്തിന്റെ ശുപാർശപ്രകാരം വേലി സ്ഥാപിക്കാൻ കമ്മിഷൻ,ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. മഴക്കാലത്ത് ആമയിഴഞ്ചാൻ തോട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ വീതി കൂട്ടണമെന്ന ശുപാർശ പിന്നീട് പരിഗണിക്കും.
കനാൽ കൈയേറിയുള്ള അനധികൃത നിർമ്മാണം തടഞ്ഞ് ഭൂമി തിരിച്ചുപിടിക്കും. മാലിന്യങ്ങൾ നീക്കം ചെയ്ത് സംസ്കരിക്കുന്നതിന് അംഗീകൃത ഏജൻസികളുടെ വിവരങ്ങൾ നൽകാൻ ശുചിത്വ മിഷനോട് കളക്ടർ ആവശ്യപ്പെട്ടു. കമ്മിഷൻ അന്വേഷണവിഭാഗത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് ജലസേചനം,നഗരസഭ,പൊലീസ്, കെ.എസ്.ആർ.ടി.സി വകുപ്പുകൾ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയെ അറിയിക്കണം. നടപടികൾ ഏകോപിപ്പിക്കാൻ വകുപ്പുതലത്തിൽ നോഡൽ ഓഫീസറെ നിയോഗിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |