കണ്ണൂർ: തൊണ്ടുതല്ലിയെടുക്കുന്ന ചകിരിച്ചോറുപയോഗിച്ചുണ്ടാക്കുന്ന കമ്പോസ്റ്ര് വളത്തിന് കാനഡയിലെ കൃഷിക്കാർക്കിടയിൽ പ്രിയം കൂടുന്നു. പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പിഎൽ ഉദ്പാദിപ്പിക്കുന്ന അഗ്രിപ്പിത്താണ് കാനഡയിലെ വളം വിപണിയിൽ താരമാകുന്നത്.
കാനഡ ആസ്ഥാനമായ ഫാംപീറ്റ് എന്ന സ്ഥാപനമാണ് അഗ്രിപ്പിത്തിന്റെ വിപണനം ഏറ്റെടുത്തിരിക്കുന്നത്. ആദ്യഘട്ടമായി 22 ടൺ ചകിരി ചോർ കമ്പോസ്റ്റ് കെ.സി.സി.പി.എൽ അയച്ചുകഴിഞ്ഞു.കയർ ഡി-ഫൈബറിംഗ് യൂണിറ്റിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന കയർ ഫൈബറിന്റെ ഉപോത്പന്നമായി ലഭ്യമാകുന്ന കയർപിത്തിനെ പ്രത്യേകമായി സംസ്കരണിച്ച് മുപ്പത് ദിവസം കൊണ്ടാണ് കമ്പോസ്റ്റ് വളമാക്കി മാറ്റുന്നത്. മൂന്ന് വർഷം കൊണ്ട് വിവിധ വിദേശരാജ്യങ്ങളിൽ നിന്നും ഇതിന് ഓർഡറുകൾ ലഭിച്ചു തുടങ്ങിയിരുന്നു.
തുണച്ചത് വൈവിദ്ധ്യവത്കരണം
കെ.സി.സി.പി.എൽ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനിയുമായി സഹകരിച്ചാണ് ഹൈടെക് കയർ ഡീഫൈബറിംഗ് യൂണിറ്റുകൾ ആരംഭിച്ചത്.
പ്രതിവർഷം 180 ലക്ഷം തൊണ്ട് സംസ്കരിക്കാൻ ശേഷിയുള്ളതാണ് യൂണിറ്റുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നാണ് പ്രധാനമായും അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത്.
കയർ മേഖലയുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്. ആഗ്രിപിത്ത് പഴയങ്ങാടി യൂണിറ്റിൽ നിന്നും കാനഡയിലേക്ക് കപ്പൽ വഴിയാണ് ആദ്യ ലോഡ് കയറ്രിയയച്ചത്.
ഗുണനിലവാരം ബോദ്ധ്യപ്പെട്ട് ഓർഡർ
മികച്ച വിളവ് കിട്ടുമെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് കാനഡയിൽ നിന്നും ഓർഡർ ലഭിച്ചത്. അടുത്ത ഘട്ടമെന്ന നിലയിൽ 500 ടണ്ണിന്റെ ഓർഡർ സ്വീകരിക്കാനുമുള്ള ഒരുക്കത്തിലുമാണ് കെ.സി.സി.പി.എൽ. കേരളത്തിലെ തെങ്ങ് കർഷകർക്കും ഇത് ആശ്വാസം പകരുന്നുണ്ട്.
ഹൈടെക് ഡീ ഫൈബറിംഗ് യൂണിറ്റുകളിൽ
ഒറ്റത്തവണ 30,000 തൊണ്ട് വീതം സംസ്കരിക്കാൻ ശേഷി
ആദ്യഘട്ടത്തിൽ ലോംഗ് ഫൈബർ, കയർപിത്ത് കമ്പോസ്റ്റ് ഉത്പാദിപ്പിക്കുന്നു
കയർപ്പിത്ത് നൽകുന്നത് കയർഫെഡിന്
കേരളത്തിന്റെ കാർഷീക മേഖലയിൽ വലിയ സാദ്ധ്യതയാണ് തുറക്കുന്നത്. തെങ്ങ് കർഷകരുടെ ഉന്നമനത്തിനും മറ്റ് രാജ്യങ്ങളുമായുള്ള ഈ കച്ചവചട ബന്ധം ഗുണം ചെയ്യും- ഡോ.ആനക്കൈ ബാലകൃഷ്ണൻ (കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |