കൊച്ചി: അഞ്ച് വർഷം മുമ്പ് ശ്രീനിവാസൻ തുടങ്ങിവച്ച കാർഷിക പാരമ്പര്യത്തിന്റെ പിന്തുടർച്ചയായി മകനും നടനുമായ ധ്യാൻ ശ്രീനിവാസനും സുഹൃത്തുക്കളും എറണാകുളം കണ്ടനാട് 80 ഏക്കർ പാടശേഖരത്തിൽ ഇന്നലെ വിത്തുവിതച്ചു. 120-ാം ദിവസം വിളകൊയ്യാവുന്ന 'ഉമ" ഇനത്തിൽപ്പെട്ട 1500 കിലോ വിത്ത് വിതച്ചു.
അഞ്ച് വർഷം മുമ്പുവരെ തരിശായി കിടന്ന കണ്ടനാട് പാടശേഖരത്തിൽ നെൽകൃഷിക്ക് പുനർജന്മം നൽകിയത് ശ്രീനിവാസനാണ്. 2020ൽ രണ്ടേക്കർ സ്ഥലം വിലയ്‌ക്കുവാങ്ങി ശ്രീനി ഫാംസ് എന്ന പേരിൽ അദ്ദേഹം തുടങ്ങിവച്ചതാണ്.
നെൽകൃഷി കഴിഞ്ഞാൽ ഊഴമനുസരിച്ച് തണ്ണിമത്തനും 22 ഇനം പച്ചക്കറികളും ഇതേ പാടത്തുനിന്ന് വിളവെടുക്കും. അങ്ങനെ കണ്ടനാടിന്റെ കാർഷിക സംസ്കാരം മാറ്റിയെഴുതിയ ശ്രീനിവാസൻ ആരോഗ്യപരമായ കാരണങ്ങളാൽ താത്കാലികമായി പിന്മാറിയിടത്തുനിന്നാണ് ആ ദൗത്യം ഏറ്റെടുത്ത് മകൻ രംഗത്തുവന്നത്. ഇന്നലെ വിത്ത് വിതയ്‌ക്കൽ ചടങ്ങ് കണ്ടനാടിന്റെ കാർഷികോത്സവമായി മാറി.
ഹൈബി ഈഡൻ എം.പി വിതമഹോത്സവം ഉദ്ഘാടനം ചെയ്തു. നടൻ മണികണ്ഠൻ, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ മാനേജർ ജോർജ് കുളങ്ങര ഉൾപ്പെടെ ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
ഇത്തവണ ആദ്യഘട്ടത്തിൽ 80 ഏക്കറിലാണ് കൃഷിയിറക്കിയത്. ബാക്കിയുള്ള 28 ഏക്കറിൽ 5 ഏക്കർ ജൈവ കൃഷിക്കായി മാറ്റിവച്ചിരിക്കുകയാണ്. അവശേഷിക്കുന്ന പാടത്തും ഈ സീസണൽ തന്നെ കൃഷിയിറക്കും. കണ്ടനാട് സ്വദേശികളും ശ്രീനി ഫാംസിലെ സഹായികളുമായിരുന്ന മനു ഫിലിപ്പ് തുകലൻ, സാജു കുര്യൻ വൈശ്യംപറമ്പിൽ എന്നിവർക്കൊപ്പമാണ് ധ്യാനും നെൽകൃഷിയുടെ ആദ്യസീനിൽ ക്ലാപ്പ് അടിച്ചത്.
'' ലാഭ നഷ്ടങ്ങൾ വിലയിരുത്തിയിട്ടല്ല, ഉണ്ണുന്ന ചോറിനോടുള്ള നന്ദിയും അച്ഛൻ തുടങ്ങിവച്ച കാർഷികവൃത്തിയോടനുള്ള മമതയുമാണ് നെൽകൃഷിയിൽ അരക്കൈനോക്കാൻ പ്രേരണയായത്. പാടവും പാടവരമ്പുമൊക്കെ പണ്ടുതോട്ടേ വല്ലാത്തൊരു ആകർഷണീയതയാണ്. വീട്ടിലെ കിടപ്പുമുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ ആദ്യം കാണുന്നത് ഈ പാടമാണ്.''
ധ്യാൻ ശ്രീനിവാസൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |