കോട്ടയം: അയ്യപ്പ സംഗമത്തോടെ സംസ്ഥാന സർക്കാരിന് സഹായകമായ നിലപാടിലേക്ക് ചാഞ്ഞ എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾക്കു പുറമേ യു.ഡിഎഫ് ഘടക കക്ഷി നേതാവും..കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് പുറമെ, ,കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പിയും ഇന്നലെ പെരുന്നയിലെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ കണ്ടു.
അയ്യപ്പ സംഗമത്തെക്കുറിച്ചുള്ള എൻ.എസ്.എസ് നിലപാടിൽ ഒരു മാറ്റവുമില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.നാളെ പെരുന്നയിൽ നടക്കുന്ന എൻ.എസ്.എസ് വിജയദശമി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന ജി.സുകുമാരൻ നായർ മാറിയ സാഹചര്യത്തിൽരാഷ്ടീയ പ്രതികരണം നടത്തുമോ എന്ന ആകാംക്ഷയിലാണ് കോൺഗ്രസ് നേതൃത്വം .
എൻ.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലാത്തതിനാൽ ചർച്ചയുടെ വിശദാംശങ്ങൾ പറയാൻ കഴിയില്ലെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.കോൺഗ്രസ്സും എൻ.എസ്.എസും തമ്മിൽ യാതൊരു അകൽച്ചയും ഇല്ലാത്തതിനാൽ മദ്ധ്യസ്ഥ ചർച്ചയ്ക്കുള്ള ആവശ്യമില്ലെന്നും, അദ്ദഹം പറഞ്ഞു.
അതേ സമയം കോൺഗ്രസ് നേതാക്കളുടെ പെരുന്ന സന്ദർശനം വ്യക്തിപരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.. ചർച്ചകൾക്ക് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. എൻഎസ്. എസുമായുള്ള നേതാക്കളുടെ കൂടിക്കാഴ്ചകൾ സൗഹൃദ സന്ദർശനങ്ങളെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം .
' ഒത്തുതീർപ്പ് ചർച്ചയുടെ ആവശ്യം എൻ. എസ്. എസിനില്ല. വന്നവർ അതിന് ചുമതലപ്പെട്ടവരല്ല.വ്യക്തിപരമായ സന്ദർശനമാണ്.ആരുമായും രാഷ്ട്രീയം സംസാരിച്ചിട്ടില്ല . പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പുകാരാണ്.എൻ.എസ്.എസ് നിന്നിടത്തു തന്നെ നിൽക്കുന്നു. '
ജി.സുകുമാരൻ നായർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |