കൊല്ലം: കെഎസ്‌ആർടിസി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടി മന്ത്രി കെബി ഗണേഷ് കുമാർ. മുമ്പ് ശമ്പളം കിട്ടുന്നില്ലെന്നായിരുന്നു പരാതി. ഇപ്പോൾ കൃത്യമായി ശമ്പളം കിട്ടുമ്പോൾ ജീവനക്കാർ കൃത്യവിലോപം കാട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്‌ആർടിസി ജീവനക്കാർ അവരുടെ ജോലി കൃത്യമായി ചെയ്‌താൽ മാത്രമേ ശമ്പളം കൃത്യമായി നൽകാനുള്ള പണം ലഭിക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗണേഷ് കുമാർ പറഞ്ഞത്:
'കെഎസ്‌ആർടിസി ജീവനക്കാർ മനസിലാക്കണം, നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണ് എട്ട് വർഷത്തിന് ശേഷം പുതിയ ബസ് വാങ്ങിയത്. അത് സ്വിഫ്റ്റിലേക്ക് മാറ്റാൻ എനിക്ക് ഒരു മിനിട്ട് മതിയെന്ന് നിങ്ങൾ ആലോചിക്കണം. നിങ്ങൾക്ക് ഒന്നാം തീയതി കൃത്യമായി ശമ്പളം കിട്ടാനാണ് ഇതെല്ലാം ചെയ്യുന്നത്. എല്ലാ ട്രേഡ് യൂണിയനും രാഷ്‌ട്രീയത്തിനതീതമായി എന്നെ വിശ്വസിക്കണം. നിങ്ങൾക്കുവേണ്ടി കഷ്‌ടപ്പെടുകയാണ്. ഒന്നാം തീയതി അടുക്കുമ്പോൾ പല ദിവസവും ഞാൻ ഉറങ്ങാറില്ല. 75 കോടി രൂപ വേണം നിങ്ങൾക്ക് ശമ്പളം തരാൻ. ഓണത്തിന് എല്ലാ അലവൻസും നൽകാൻ 114 കോടിയാണ് ഓവർഡ്രാഫ്റ്റ് എടുത്തത്. ഇതിനെല്ലാം പലിശ കൊടുക്കണം.
എല്ലായിടത്തും ക്യാമറയാക്കുകയാണ്. ബസ് സ്റ്റാൻഡിൽ എന്ത് വൃത്തികേട് നടന്നാലും സെക്യൂരിറ്റി ജീവനക്കാർ അറിയുന്നില്ല. കൊട്ടാരക്കര സ്റ്റാൻഡിൽ എട്ട് ബസുകൾ നശിപ്പിച്ചു. എട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരിൽ ആരും അത് കണ്ടില്ല. മുക്കിലും മൂലയിലും ഇനി ക്യാമറ വയ്‌ക്കും. താൽക്കാലിക സെക്യൂരിറ്റി ജീവനക്കാർക്ക് ശമ്പളം നൽകാൻ മാത്രം ഒരു മാസം 26 ലക്ഷം രൂപ ചെലവാക്കുന്നുണ്ട്. അത് ഒഴിവാക്കി ക്യാമറയാക്കും. എല്ലാം സുതാര്യമാക്കും.
ചില്ലറയുടെ പ്രശ്‌നം വരാതിരിക്കാനാണ് കാർഡ് സംവിധാനം ഏർപ്പെടുത്തിയത്. ഇതിൽ ചില കണ്ടക്‌ടർമാർ തീർന്ന കാർഡ് ടോപ്പപ്പ് ചെയ്യാൻ തയ്യാറാകുന്നില്ല. ചില്ലറ അടിച്ചുമാറ്റാൻ ആഗ്രഹിക്കുന്നവരാണ് അങ്ങനെ ചെയ്യുന്നത്. അല്ലാതെ സത്യസന്ധർ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഇനി അങ്ങനെയുള്ള പരാതികൾ വന്നാൽ ഉടനേ സസ്‌പെൻഡ് ചെയ്യും. മൂന്നാറിലെ ഡബിൾ ഡക്കറിൽ ടിക്കറ്റ് കൊടുക്കാതെ രണ്ടുപേരെ കയറ്റി 400 രൂപ പോക്കറ്റിലിടുന്ന ചെറ്റപ്പണി ഇനി നിർത്തിക്കൂടേ. എംഎസ്‌സി ഉൾപ്പെടെ നല്ല വിദ്യാഭ്യാസമുള്ളവർ വരെ കെഎസ്‌ആർടിസിയിൽ കണ്ടക്‌ടറായി ജോലി ചെയ്യുന്നു. അവർക്കെല്ലാം നാണക്കേടല്ലേ ഇത്. '
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |