തൃശൂര്‍: കേരളത്തില്‍ എല്ലാദിവസവും നറുക്കെടുപ്പ് നടക്കുന്നതിനാല്‍ തന്നെ സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ആകര്‍ഷകമായ സമ്മാന ഘടനയായതിനാല്‍ അതിര്‍ത്തി ജില്ലകളില്‍ നിന്ന് പോലും ദിവസേന നിരവധിപേര്‍ കേരള ലോട്ടറിയുടെ ടിക്കറ്റുകളെടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. എന്നാല്‍ ലോട്ടറിയുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതും കണ്ടാല്‍ ഒറിജിനലിനെ പോലും വെല്ലുന്ന നല്ല ഒന്നാന്തരം വ്യാജനും സംസ്ഥാനത്ത് സജീവമാണെന്നാണ് പുറത്തുവരുന്ന വിവരം.
തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍, പൊഞ്ഞനത്ത് ആണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. കേരളത്തില്‍ ലോട്ടറി തട്ടിപ്പ് നടത്താന്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നാണ് തട്ടിപ്പിനിരയായ ലോട്ടറി ഏജന്റ് സംശയിക്കുന്നത്. നിരവധിപേര്‍ പരാതി പറയാനോ കേസുമായി മുന്നോട്ട് പോകാനോ തയ്യാറാകാത്തതുകൊണ്ടാണ് കൂടുതല്‍ സംഭവങ്ങള്‍ പുറത്ത് വരാത്തതെന്നാണ് തേജസ് ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ വിശ്വസിക്കുന്നത്.
കേരള ലോട്ടറിയുടെ കളര്‍ ഫോട്ടോകോപ്പി ഉപയോഗിച്ച് തന്റെ കടയില്‍ നിന്ന് 15,000 രൂപയാണ് തട്ടിയെടുത്തതെന്നും ഇയാള്‍ പറയുന്നു. ലോട്ടറി ഏജന്റ് നെല്ലിപ്പറമ്പില്‍ തേജസ് ആണ് തട്ടിപ്പിന് ഇരയായത്. നറുക്കെടുപ്പില്‍ നാലാം സമ്മാനമായ 5000 രൂപ നേടിയ ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് നല്‍കിയാണ് ഏജന്റില്‍ നിന്ന് 15,000 രൂപ തട്ടിയത്. കാട്ടൂര്‍ ഹൈസ്‌കൂളിന് സമീപത്തെ തേജസിന്റെ ലോട്ടറി കടയില്‍ ബൈക്കിലെത്തിയ യുവാവ് സമ്മാനം നേടിയ ടിക്കറ്റിന്റെ കളര്‍ കോപ്പി നല്‍കുകയായിരുന്നു. കഴിഞ്ഞ 21 ന് നറുക്കെടുത്ത കേരള സര്‍ക്കാറിന്റെ സമൃദ്ധി ലോട്ടറിയുടെ മൂന്ന് ടിക്കറ്റ് ആണ് യുവാവ് നല്‍കിയത്.
ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ടിക്കറ്റിന് നാലാം സമ്മനമായ 5000 രൂപ ലഭിച്ചതായി കാണിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കമ്മീഷന്‍ കഴിച്ചുള്ള തുക തേജസ് യുവാവിന് നല്‍കുകയും ചെയ്തു. എന്നാല്‍ ടിക്കറ്റ് മാറാന്‍ തേജസ് ഏജന്‍സിലെത്തിയപ്പോള്‍ ഈ ലോട്ടറി 23-ാം തീയതി ആലപ്പുഴ ട്രഷറിയില്‍ മാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ തേജസ് കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |