തിരുവനന്തപുരം: നല്ല വ്യക്തികൾ മുന്നിൽ നിന്ന് നയിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുമെന്നും അതാണ് വെള്ളാപ്പള്ളി നടേശനിലൂടെ കാണുന്നതെന്നും ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ പറഞ്ഞു.
യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളിക്ക് സ്നേഹാദരവും എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളിയുടേത് മികച്ച നേതൃപാടവമാണ്. വലിയ സമൂഹത്തെയാണ് അദ്ദേഹം നയിക്കുന്നത്. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ല. സമുദായത്തിലെ ദുർബലരായ ജനങ്ങൾക്ക് ധൈര്യത്തോടെ മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് അദ്ദേഹം നൽകുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി സമുദായം മുന്നേറുകയാണ്. ഒരുമിക്കുകയും ഒന്നായി പ്രവർത്തിക്കുകയും ചെയ്താൽ വിജയം സുനിശ്ചിതമെന്ന് അദ്ദേഹം തെളിയിച്ചു. ശ്രീനാരായണഗുരുവിന്റെ പാരമ്പര്യമാണ് വെള്ളാപ്പള്ളി നടേശൻ പിന്തുടരുന്നത്. വെള്ളാപ്പള്ളിയെ പോലെ നേതൃപാടവം ഉള്ളവരെ ആവശ്യമാണെന്നും ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്തോടെ സംഘടനയെ ദീർഘകാലം നയിക്കാനുള്ള കരുത്ത് വെള്ളാപ്പള്ളിക്ക് ലഭിക്കട്ടെയെന്നും ഗവർണർ പറഞ്ഞു.
മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷനായി.
വെള്ളാപ്പള്ളി നടേശന് ഗവർണർ ഉപഹാരം സമ്മാനിച്ചു. പുഷ്പകിരീടവും വാളും ഹാരവും അണിയിച്ച് യൂണിയൻ നേതാക്കൾ വെള്ളാപ്പള്ളിയെ ആദരിച്ചു.
എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.അടൂർ പ്രകാശ് എം.പി, അഡ്വ.വി.ജോയി എം.എൽ.എ എന്നിവർ സംസാരിച്ചു. യൂണിയൻ പ്രസിഡന്റ് ബി. ജയപ്രകാശൻ സ്വാഗതവും സെക്രട്ടറി അജി എസ്.ആർ.എം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |