കോഴിക്കോട്: ചന്ദനത്തൈകൾ നട്ടുവളർത്തി കർഷകർക്ക് വലിയ വരുമാനമുണ്ടാക്കാൻ അവസരമൊരുക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ആദ്യപടിയായി സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വിൽപ്പന നടത്താനുള്ള നിയമനിർമാണം ഒരു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'ഒരു കോടി ചന്ദനത്തൈകൾ കേരളത്തിലുടനീളം നട്ടുവളർത്തും. വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില കർഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനക്കൃഷി പ്രോത്സാഹിപ്പിക്കാൻ സാധിക്കും. സമഗ്ര വനനയം പ്രഖ്യാപിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്'- മന്ത്രി പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുത്ത 100 കോളേജുകളെ നോളജ് പാർട്ണർ ഇൻസ്റ്റിറ്റ്യൂഷൻസായി പ്രഖ്യാപിച്ച് വനമേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ, അവബോധ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സ്ഥിരപങ്കാളികളാക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. വനശ്രീയിലെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നക്ഷത്രവനം, ശലഭോദ്യാനം എന്നിവ വിജയകരമായി പൂർത്തിയാക്കിയ സ്കൂളുകൾക്കും കോളേജുകൾക്കും പുതുതായി അംഗീകാരം ലഭിച്ച സ്‌കൂളുകൾക്കും കോളേജുകൾക്കുമുള്ള ഉപഹാരങ്ങൾ മന്ത്രി ശശീന്ദ്രൻ, മേയർ ബീനാ ഫിലിപ്പ് എന്നിവർ ചേർന്ന് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |