പരിഹാര നിർദ്ദേശങ്ങളടങ്ങുന്ന റിപ്പോർട്ട് ഉടനെന്ന് സൂചന
കോഴിക്കോട്: കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം റോഡിൽ മണ്ണിടിച്ചിൽ തടയാനുള്ള നടപടികൾ വെെകാതെ ഉണ്ടായേക്കും. പരിഹാര നിർദ്ദേശങ്ങളടങ്ങുന്ന റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (മോർത്ത്) ഉദ്യോഗസ്ഥർ ദേശീയപാത അതോറിറ്റിക്ക് വെെകാതെ സമർപ്പിക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി മോർത്ത് റിട്ട. അഡീഷണൽ ഡയറക്ടർ ജനറൽ ആർ.കെ. പാണ്ഡെ ജില്ല കളക്ടർ സ്നേഹിൽകുമാർ സിംഗുമായി ചർച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 26ന് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിച്ചിലുണ്ടായി ദിവസങ്ങളോളം ഗതാഗതം തടസപ്പെട്ടിരുന്നു. ഈ സ്ഥലം പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കഴിഞ്ഞ ദിവസം സന്ദർശിച്ചു. മണ്ണിടിച്ചിലിന് ശേഷം വലിയൊരു പാറക്കല്ല് മലമുകളിൽ നിന്ന് വീണിരുന്നു. ഇതും ആശങ്കയ്ക്ക് ഇടായാക്കിയിരുന്നു. മണ്ണിടിച്ചിൽ തടയാൻ താത്കാലികവും സ്ഥിരവുമായ പരിഹാര നിർദ്ദേശങ്ങൾ ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും. താത്കാലിക നിർദ്ദേശങ്ങൾ വെെകാതെ നടപ്പാക്കാനാകും ഊന്നൽ. ഇടയ്ക്കിടെ കല്ലുകൾ വീണ് അപകടഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. മോർത്തിലെ സാങ്കേതിക സെൽ അംഗം കൂടിയാണ് ആർ.കെ.പാണ്ഡെ. സുരക്ഷിതമായ റോഡ് ഗതാഗതം ഉറപ്പാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ആ നിലയ്ക്കാണ് താമരശ്ശേരി ചുരത്തിലെ അപകടഭീഷണി ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അദ്ദേഹത്തെത്തന്നെ നിയോഗിച്ചതെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള ചില രാഷ്ട്രീയ പ്രതിനിധികൾ ചുരം റോഡിന്റെ പെെതൃകം നിലനിറുത്തി സംരക്ഷിക്കുന്നതിനെ പറ്റി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലുമാണ് അടിയന്തര നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്ര ഘടന, മണ്ണിന്റെ സ്വഭാവം ഉള്‍പ്പെടെ പഠിച്ചതിന് ശേഷമാകും സ്ഥിരം പരിഹാര നിർദ്ദേശങ്ങൾ രൂപപ്പെടുത്തുക. നേരത്തേ എന്‍.ഐ.ടി സംഘവും മണ്ണിടിഞ്ഞ സ്ഥലം പരിശോധിച്ചിരുന്നു.
പ്രതീക്ഷയോടെ ജനം
മണ്ണിടിച്ചിലും ഗതാഗത തടസവുമുണ്ടാകുമ്പോഴെല്ലാം സാങ്കേതിക വിദഗ്ദ്ധരും മറ്റും സ്ഥലം സന്ദർശിക്കാറുണ്ട്. പ്രശ്നം പരിഹരിക്കുമെന്ന് പറയുമെങ്കിലും നടപടികളുണ്ടാകാറില്ലെന്നാണ് ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ ആക്ഷേപം. എന്നാൽ ഇത്തവണ ദേശീയപാത അതോറിറ്റി ഇടപെട്ടതുകൊണ്ട് തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും അവർ പറയുന്നു. സംസ്ഥാനത്തെ പല പാതകളും ദേശീയപാതയാക്കി ഉയർത്താനും നിലവിലെ പ്രശ്നം പരിഹരിക്കാനും ദേശീയപാത അതോറിറ്റി ശ്രമിച്ചുവരികയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |