കണ്ണൂർ: സർക്കാർ ഉത്തരവ് മറികടന്ന് വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) മാരായി അദ്ധ്യാപകർക്ക് നിയമനം. അഴീക്കോട് മണ്ഡലത്തിലെ വിവിധ ബൂത്തുകളിലാണ് ഉത്തരവ് ലംഘിച്ച് അദ്ധ്യാപകരെ ബി.എൽ.ഒമാരായി നിയമിച്ചിട്ടുള്ളത്. ഗസറ്റഡ് ജീവനക്കാർ, ആവശ്യ സർവ്വീസുകളായ ആരോഗ്യം, ഗതാഗത വകുപ്പ് ജീവനക്കാർ, അദ്ധ്യാപകർ, പൊലീസ് ഉൾപ്പെടെ സുരക്ഷാ വിഭാഗങ്ങളിലെ ജീവനക്കാർ തുടങ്ങി എട്ടോളം വിഭാഗങ്ങളിൽപ്പെട്ടവരെ ബി.എൽ.ഒ മാരായി പരിഗണിക്കരുതെന്ന ഉത്തരവിന്റെ ലംഘനമാണ് ഈ മണ്ഡലത്തിൽ നടന്നത്.
ബൂത്തുകളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കി നൽകണമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസറുടെ കത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.ഈ കത്തിലും മാനദണ്ഡങ്ങൾ പറയുന്നുണ്ട്. യോഗ്യരായ ജീവനക്കാർ ഇല്ലാത്ത ബൂത്തുകളുണ്ടെങ്കിൽ അക്കാര്യവും ചൂണ്ടികാണിക്കണമെന്നും കത്തിലുണ്ട്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്കാണ് ബി.എൽ.ഒ മാരെ നിയമിക്കാനുള്ള അധികാരം.
തിരക്കിനിടയിൽ അദ്ധ്യാപകർ എങ്ങനെ?
ജോലിഭാരത്താൽ വീർപ്പുമുട്ടുന്ന അദ്ധ്യാപകരുടെ ജോലിഭാരം വീണ്ടും ഇരട്ടിയാക്കുന്നതാണ് തീരുമാനം. വില്ലേജ് ഓഫീസുകളിൽ നിന്ന് ബി.എൽ.ഒ ഉത്തരവ് കൈപ്പറ്റണമെന്നാവശ്യപ്പെട്ട് വിളിക്കുമ്പോഴാണ് സർക്കാരിന്റെ ഉത്തരവ് ലംഘിക്കപ്പെട്ട വിവരം അദ്ധ്യാപകർ അറിയുന്നത്. സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള ഫെസ്റ്റുകൾ നടക്കാനിരിക്കെയാണ് ഈ ചുമതല കൂടി ഇവർക്ക് വഹിക്കേണ്ടിവരുന്നത്.ഇതുവരെ ബി.എൽ.ഒ മാരായിരുന്ന അംഗനവാടി വർക്കർമാർ ഉൾപ്പെടെയുള്ളവരെ മാറ്റാനുള്ള ഉത്തരവാണ് അദ്ധ്യാപകർക്ക് തിരിച്ചടിയായിരിക്കുന്നത്.
ബി.എൽ.ഒ മാരുടെ പട്ടികയ്ക്കുള്ള നിബന്ധനകൾ
ഗസറ്രഡ് ജീവനക്കാർ, വിരമിച്ച ജീവനക്കാർ, ഗ്രൂപ്പ് ഡി കാറ്രഗറി ജീവനക്കാർ ഒഴികെ
ആവശ്യസർവ്വീസുകളിലെ ജീവനക്കാരെ (ആരോഗ്യം, ഗതാഗതം) ഒഴിവാക്കണം
അദ്ധ്യാപകരെ ഒഴിവാക്കണം
സുരക്ഷ വിഭാഗങ്ങളായ പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, വനംവന്യ ജീവി ഒഴിവാക്കണം.
പബ്ളിക് യൂട്ടിലിറ്റി സർവ്വീസ് വകുപ്പുകളായ കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, കെ.എസ്.ഡബ്ള്യൂ.എ ജീവനക്കാരെ പാടില്ല .
അർദ്ധസർക്കാർ,പൊതുമേഖല,ധനകാര്യ/ബാങ്കിംഗ് ജുഡീഷ്യൽ ജീവനക്കാർ/ കമ്പനി/ ബോർഡ് കോർപ്പറേഷൻ ജീവനക്കാരെ നിയമിക്കരുത്
അംഗപരിമിതരായ ജീവനക്കാരെ ഒഴിവാക്കണം
വിവിധ കാരണത്താൽ ബി.എൽ.ഒ ചുമതലയിൽ നിന്നും നേരത്തെ ഒഴിവാക്കപ്പെട്ടവരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരേയും ഉൾപ്പെടുത്തരുത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |