കൊല്ലം: ലഹരി കടത്ത് സംഘത്തിലുണ്ടായ വിള്ളലാണ് ഇന്നലെ പുലർച്ചെ മൈലാപ്പൂര് നിന്ന് കാൽ കോടിയോളം വിലവിരുന്ന 295 ഗ്രാം എം.ഡി.എം.എ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കണ്ണനല്ലൂർ കേന്ദ്രീകരിച്ചുള്ള ലഹരി റാക്കറ്റിലെ പ്രധാന കണ്ണികളാണ് ഇന്നലെ പിടിയിലായ സാബിർ ആറൂഫ് തങ്ങളും നജ്മലും.
പത്തോളം പേരടങ്ങുന്ന സംഘത്തിലെ ഒരു യുവാവ് മൂന്ന് മാസം മുമ്പ് തെറ്റിപ്പിരിഞ്ഞു. ഈ യുവാവിനെ സംഘത്തിലെ മറ്റുള്ളവർ ആക്രമിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവ് കണ്ണനല്ലൂർ പൊലീസിൽപരാതി നൽകി. ലഹരി വില്പനയെ കുറിച്ച് യുവാവ് ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് യുവാവ് താൻ ഉൾപ്പെട്ടിരുന്ന വമ്പൻ ലഹരിക്കണ്ണിയെ കുറിച്ച് വെളിപ്പെടുത്തിയത്.
ഇതോടെ പൊലീസ് സംഘത്തിലെ മറ്റുള്ളവർക്കായി വലവിരിക്കുകയായിരുന്നു. തൊണ്ടി സഹിതം പിടികൂടാനായിരുന്നു പദ്ധതി. അതിനായി സംഘാംഗങ്ങളെ ഡാൻസാഫ് സംഘം നിരീക്ഷിച്ച് തുടങ്ങി. ഇതിനിടെയാണ് ഇപ്പോൾ പിടിയിലായവർ ഉൾപ്പടെ നാലുപേർ ബംഗളൂരുവിലേക്ക് പോയതായി വിവരം ലഭിച്ചത്.
ഇതോടെ ഇവരുടെ മൊബൈൽ ടവറുകൾ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പുറമേ വാഹനങ്ങളും നിരീക്ഷണത്തിലാക്കി. പിടിയിലായ സാബിർ ആറൂഫ് തങ്ങൾക്ക് അഞ്ച് കാറും ഒരു ടോറസ് ലോറിയും ഉണ്ടായിരുന്നു. ഇതിൽ കറുത്ത ബലേനോ കാർ നാട്ടിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഈ കാറിന്റെ നമ്പർ ചെക്ക് പോസ്റ്റുകൾക്ക് കൈമാറി. തുടർന്ന് കാറിന്റെ സഞ്ചാരവും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഇന്നലെ പിടിയിലായത്.
പഴുതടച്ച നീക്കം
ബംഗളൂരുവിലേക്ക് പോയ നാലുപേരും നാട്ടിലേക്ക് മടങ്ങിവരുന്നുവെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം
ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ പൊലീസും ഡാൻസാഫ് സംഘവും നാല് സംഘങ്ങളായി തിരിഞ്ഞു
നാലുപേരുടെയും വീട്ടുപരിസരത്ത് ഞായറാഴ്ച വൈകിട്ട് മുതൽ തമ്പടിച്ചു
പൊലീസിന്റെ കണക്കൂകൂട്ടൽ പോലെ സംഘത്തിലെ പ്രധാനിയുടെ വാടക വീട്ടിലേക്ക് തന്നെ എം.ഡി.എം.എയുമായി പ്രതികൾ എത്തി
കാത്തുനിന്ന പൊലീസ് സംഘം തൊണ്ടിയോടെ പ്രതികളെ പിടികൂടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |