കൊല്ലം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള ജല ബഡ്ജറ്റ് തയ്യാറാക്കൽ ജില്ലയിൽ അവസാന ഘട്ടത്തിൽ. ജല ലഭ്യതയുടെയും ഉപയോഗത്തിന്റെയും അളവും ഭാവി ആസൂത്രണത്തിന്റെ കണക്കുകളും ഉൾപ്പെടുത്തിയുള്ളതാണ് ജല ബഡ്ജറ്റ്. ഈ മാസം റിപ്പോർട്ട് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
ജില്ലയിലെ ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും കൊട്ടാരക്കര നഗരസഭയിലും സർവേ നടത്തി. ജലബഡ്ജറ്റിന്റെ അടിസ്ഥാനത്തിൽ ജലസുരക്ഷയിലേക്കുള്ള ക്യാമ്പയിന്റെ ഭാഗമായി കിണർ റീചാർജിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇത്തിക്കര, പത്തനാപുരം, ഓച്ചിറ, ചവറ ബ്ലോക്കുകളിലും കൊല്ലം കോർപ്പറേഷൻ, പുനലൂർ, പരവൂർ, കരുനാഗപ്പള്ളി നഗരസഭകളിലെയും ജലബഡ്ജറ്റ് ഈ മാസത്തോടെ പൂർത്തിയാക്കി തുടർപ്രവർത്തനങ്ങൾ ആരംഭിക്കും.
ഓരോ പ്രദേശത്തും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മറ്റ് വകുപ്പുകളുമായി സഹകരിച്ച് പ്രത്യേകമായാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ആവശ്യമായ ജലം ലഭ്യമല്ലെങ്കിൽ, ആ കുറവ് ജലസ്രോതസുകളുടെ ശാസ്ത്രീയമായ പരിപാലനത്തിലൂടെയും സാങ്കേതിക വിദ്യയുടെ അടക്കം സഹായത്തോടെയും പരിഹരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തി നടപ്പാക്കും. ഭാവിയിൽ ഉണ്ടാകാവുന്ന ജല ഉപഭോഗ വർദ്ധന കൂടി കണക്കിലെടുത്താണ് ജലബഡ്ജറ്റ് തയ്യാറാക്കുന്നത്.
ഓരോ തുള്ളിയിലും കരുതൽ
ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തും
ജനസംഖ്യാടിസ്ഥാനത്തിലുള്ള ഉപഭോഗം കണ്ടെത്തും
ജലം പാഴാക്കുന്നത് സംബന്ധിച്ച് ബോധവത്കരണം
സംരക്ഷിക്കാൻ ശാസ്ത്രീയ ജനകീയ പദ്ധതി
ഏത് മാസങ്ങളിലാണ് വെള്ളത്തിന്റെ ലഭ്യത കുറയുന്നത്, കൂടുന്നത് എന്നിവ പരിശോധിക്കും
വീടുകളിലെയും സ്ഥാപനങ്ങളിലെയും വെള്ളത്തിന്റെ ഉപയോഗം പ്രത്യേകം അടയാളപ്പെടുത്തും
സർവേ സമഗ്രം
സർവേയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്
ജല ലഭ്യതയ്ക്കനുസരിച്ച് ഓരോ പ്രദേശത്തെയും കൃഷി രീതികൾ അടയാളപ്പെടുത്തും
ജലത്തിന്റെ അളവ് രേഖപ്പെടും
ആവശ്യവും ലഭ്യതയും തമ്മിലുള്ള വ്യത്യാസം കണ്ടെത്തും
പരിഹാരത്തിന് വിദഗ്ദ്ധരുടെ സേവനം
നടപ്പാക്കിയ ബ്ലോക്ക് പഞ്ചായത്തുകൾ
അഞ്ചൽ
മുഖത്തല
ചടയമംഗലം
വെട്ടിക്കവല
കൊട്ടാരക്കര
ചിറ്റുമല
ശാസ്താംകോട്ട
നഗരസഭ
കൊട്ടാരക്കര
ജലലഭ്യതയും ഉപഭോഗവും ശാസ്ത്രീയമായി കണക്കാക്കി, ഭാവി തലമുറയ്ക്കായി ജലസംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എസ്.ഐസക്, ജില്ലാ കോ ഓർഡിനേറ്റർ,
ഹരിതകേരളം മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |