കൊല്ലം: ബസ് യാത്രക്കാരിയുടെ മൊബൈൽ മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ പിടികൂടി പൊലീസിന് കൈമാറി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് ഓട്ടോ ഡ്രൈവറുടെ വലത് കൈയിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപ്പിച്ചിച്ചു. തമിഴ്നാട് സ്വദേശി അരുണാചലമാണ് (28) പിടിയിലായത്. തെറ്റിക്കുഴി വിളയിൽ പുത്തൻവീട്ടിൽ സജീവ് സുകുമാരനാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെ പാരിപ്പള്ളി ജംഗ്ഷനിൽ മടത്തറയിലേക്കുള്ള ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. കടയ്ക്കൽ സ്വദേശിനിയുടെ ബാഗിൽ നിന്നാണ് അരുണാചലം മൊബൈൽ മോഷ്ടിച്ചത്. യുവതി ബഹളം വച്ചതോടെ ബസിൽ നിന്ന് ഇറങ്ങിയോടിയ അരുണാചലത്തെ സജീവ് സുകുമാരൻ പിടികൂടി. ഇതിനിടയിൽ അരുണാചലം സജീവിന്റെ കൈയിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപ്പിച്ച് രക്ഷപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട ജംഗ്ഷനിലെ മറ്റ് ഓട്ടോ ഡ്രൈവർമാർ അരുണാചലത്തെ പിന്തുടർന്ന് പിടികൂടി. ഇതിനിടയിൽ പ്രതി രക്ഷപ്പെടാനായി സ്വന്തം ശരീരത്തിലും ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപ്പിച്ചു. അരുണാചലത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സജീവ് സോമൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |