കോട്ടയം: സ്വര്‍ണ വില പിടിവിട്ട് കുതിക്കുമ്പോള്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവരുടേയും മാറ്റിയെടുക്കുന്നവരുടേയും എണ്ണം കൂടി. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ പുതിയ വരുമാന സാദ്ധ്യതയായി പഴയ സ്വര്‍ണങ്ങളെ കാണുന്നവരുമുണ്ട്. പവന് 15000 രൂപയ്ക്ക് വരെ വാങ്ങിയവരാണ് സുവര്‍ണാവസരമെന്ന പോലെ വിറ്റ് കാര്യം സാധിക്കുന്നത്. കാര്യമായ വിലകുറയ്ക്കാതെ വാങ്ങാനും ആളുണ്ട്. 916 സ്വര്‍ണത്തിന് മുന്‍പ് അഞ്ചു ശതമാനം വരെ കമ്മിഷന്‍ ഇനത്തില്‍ കുറച്ചിരുന്നെങ്കില്‍ ഇപ്പോഴത് ഒരു ശതമാനം മാത്രമാണ്.
എന്നാല്‍ കാരറ്റ് കുറവെന്ന പേരില്‍ തട്ടിപ്പ് നടത്തുന്നവരുമുണ്ട്. അടിയന്തര സാമ്പത്തിക ആവശ്യമുള്ളവരും ഉയര്‍ന്ന വില വരുമ്പോള്‍ വില്‍ക്കാമെന്ന കണക്കുകൂട്ടലില്‍ നിക്ഷേപമായി വാങ്ങി വച്ചിരുന്നവരുമാണ് വില്‍ക്കാന്‍ എത്തുന്നവരിലേറെയെന്ന് വ്യാപാരികള്‍ പറയുന്നു. പഴയ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും മാത്രം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ നിയമവിധേയമായും അനധികൃതമായും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിവാഹാവശ്യങ്ങള്‍ക്കും വാങ്ങിക്കൂട്ടുന്നു
ഇനിയും വില ഉയര്‍ന്നാല്‍ തിരിച്ചടിയാകുമെന്ന ഭയത്താല്‍ വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നവര്‍ പഴയ സ്വര്‍ണം മാറ്റി പുതിയ ഉരുപ്പടി വാങ്ങുന്നുണ്ട്. പണയംവയ്ക്കാനെത്തുന്നവരും കൂടിയെന്ന് സ്വകാര്യ, സഹകരണ പണമിടപാട് സ്ഥാപന ജീവനക്കാര്‍ പറയുന്നു. ഉയര്‍ന്ന തുകയാണ് പണയ സ്വര്‍ണത്തിനും ലഭിക്കുക. മുന്‍കാലങ്ങളില്‍ സ്വര്‍ണ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചവര്‍ക്കും മികച്ച ലാഭം ലഭിക്കും. ചെറിയ തുക വേണ്ടവര്‍ പണയം വയ്ക്കുമെങ്കിലും, വലിയ തുക കണ്ടെത്തുന്നത് പഴയ സ്വര്‍ണം വിറ്റാണ്. പണയപ്പെടുത്തുമ്പോള്‍ കൂടിയ പണം ലഭിക്കുമെങ്കിലും പലിശ, തിരികെ എടുക്കാനുള്ള പണം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ആധി എന്നിവയാണ് ഇതിന് കാരണം.
വില്‍ക്കാന്‍ പലതുണ്ട് കാരണം
അതിവേഗം വില കുറയുമോയെന്ന ആശങ്ക
വിലകുറഞ്ഞപ്പോള്‍ വാങ്ങിയത് കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നവര്‍
ഭൂമിക്കും വീടിനും വിലകുറഞ്ഞതോടെ സ്വര്‍ണം വിറ്റ് വാങ്ങുന്നു
വില്‍ക്കുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് 30 ശതമാനം
'' ഒരു വര്‍ഷം പവന് നാലായിരം രൂപയുടെ വ്യത്യാസമുണ്ട്. പഴയ സ്വര്‍ണം വിറ്റ് അത്യാവശ്യകാര്യങ്ങളോ ദീര്‍ഘനിക്ഷേപമോ നടത്തുന്നവരാണ് ഏറെയും. - അരുണ്‍ മാര്‍ക്കോസ്, മരിയ ഗോള്‍ഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |