കണ്ണൂർ: ഈ മാസം 20ന് ശേഷം ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാനാരിക്കെ മൂന്നു മുന്നണികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഊർജിതമാക്കി. സംവരണ നറുക്കെടുപ്പ് 13 മുതൽ 21 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും. നറുക്കെടുപ്പിന് മുൻപുതന്നെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
വോട്ടർ പട്ടികയിൽ പരമാവധി ആളുകളെ ഉൾപ്പെടുത്തി വോട്ടുറപ്പിക്കാനുള്ള പരിപാടികൾ മൂന്നു മുന്നണികളും ഊർജിതമായി നടത്തുന്നുണ്ട്. ഒക്ടോബർ 25നാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
സംവരണ നറുക്കെടുപ്പ് കഴിഞ്ഞിട്ടില്ലെങ്കിലും സ്ഥാനാർഥിത്വം ഉറപ്പിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. മൂന്നു മുന്നണികളിലെയും നിലവിലെ അംഗങ്ങളിൽ ഭൂരിഭാഗവും വീണ്ടും മത്സരിക്കാനുള്ള താൽപര്യത്തിലാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാസങ്ങൾക്കു മുമ്പ് പൂർത്തീകരിച്ച പദ്ധതികളുടെ പോലും ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകുകയാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉദ്ഘാടനം നടത്തിയാൽ വോട്ടിൽ പ്രതിഫലിക്കുമെന്നതാണ് ഇതിന് പിന്നിലുള്ള കാരണം. മന്ത്രിമാരെ എത്തിച്ച് ഉദ്ഘാടനം കൊഴുപ്പിക്കാനാണ് പല പഞ്ചായത്ത് ഭരണസമിതികളുടെയും തീരുമാനം.
വിമതസ്ഥാനാർത്ഥികളെ, ഇതിലേ, ഇതിലേ.....
മൂന്നും നാലും തവണ മത്സരിച്ചവർക്ക് വീണ്ടും ഇറങ്ങാൻ പാർട്ടി നേതൃത്വങ്ങൾ സമ്മതം നൽകാനിടയില്ല. ചില പ്രമുഖരായ വനിതകൾ ഉൾപ്പെടെ ഇതുമൂലം സ്വതന്ത്രരായി മത്സരത്തിന് ഇറങ്ങാൻ ഒരുങ്ങുന്നുവെന്ന് സൂചനയുണ്ട്. വിമത നീക്കത്തിന് എതിർ മുന്നണിയുടെ സർവപിന്തുണയുമുണ്ടാകുമെന്നതാണ് തദ്ദേശതിരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള പതിവ്.
സംവരണ നറുക്കെടുപ്പ് ഷെഡ്യൂൾ
ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള സംവരണ നറുക്കെടുപ്പ് 13 മുതൽ 16 വരെ രാവിലെ 10ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ വിവിധ ഘട്ടങ്ങളിലായി നടക്കും.
ഗ്രാമപഞ്ചായത്തുകൾ
ഒക്ടോബർ 13: പയ്യന്നൂർ, എടക്കാട് ബ്ലോക്കുകൾ
ഒക്ടോബർ 14: കല്യാശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് ബ്ലോക്കുകൾ
ഒക്ടോബർ 15: ഇരിക്കൂർ, പാനൂർ, ഇരിട്ടി ബ്ലോക്കുകൾ
ഒക്ടോബർ 16: തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ ബ്ലോക്കുകൾ
മുനിസിപ്പൽ കൗൺസിലുകൾ
ഒക്ടോബർ 16: രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തളിപ്പറമ്പ്, കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി, പാനൂർ, ശ്രീകണ്ഠപുരം, ആന്തൂർ (മട്ടന്നൂർ ഒഴികെയുള്ള എട്ട് മുനിസിപ്പൽ കൗൺസിലുകൾ)
ജില്ലാപഞ്ചായത്ത്
ഒക്ടോബർ 21: രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ
കണ്ണൂർ കോർപറേഷൻ
ഒക്ടോബർ 21ന് രാവിലെ 11.30ന് മാനാഞ്ചിറ ടൗൺ ഹാളിൽ
മുന്നണികളുടെ ഒരുക്കം
എൽ.ഡി.എഫ്: പഞ്ചായത്തുകളിൽ വികസന സദസ്സുകൾ , ജനകീയ കുടുംബസംഗമങ്ങൾ
യു.ഡി.എഫ്: . ഭരണമുള്ള പഞ്ചായത്തുകളിൽ പ്രത്യേക വികസന പരിപാടികൾ, എൽ.ഡി.എഫ് ഭരണമുള്ളിടത്ത് കുറ്റപത്ര വിചാരണ സദസ്, നേതൃയോഗം,പോഷക സംഘടനാ യോഗം
ബി.ജെ.പി: ഗൃഹസമ്പർക്കം,ബി.ജെ.പി,യുവമോർച്ച നേതൃത്വ ശിൽപശാലകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |