തൃശൂർ: അത്‌ലറ്റിക്‌സോ, ഫുട്‌ബോളോ...? തൃശൂർ കോർപറേഷൻ മൈതാനത്ത് എന്ത് കളിക്കണം. അത്‌ലറ്റിക്‌സ് അസോസിയേഷനും ഫുട്ബാൾ അസോസിയേഷനും തമ്മിൽ ശീതയുദ്ധം തുടരുകയാണ്. എന്നാൽ തീരുമാനം എടുക്കേണ്ട കോർപറേഷൻ തരാതരം പോലെ രണ്ടിടത്തും നിൽക്കുന്നതാണ് പ്രധാന പ്രശ്‌നം. കോർപറേഷൻ ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്കും ഫുട്ബാൾ ടർഫും നിർമ്മിക്കുന്നതിന് ഖേലോ ഇന്ത്യയുമായി എം.ഒ.യു ഒപ്പിട്ടതിനിടെയാണ് സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെന്റിനായി മാജിക് എഫ്.സിക്ക് ഗ്രൗണ്ട് അഞ്ചുവർഷത്തേക്ക് അനുവദിച്ചത്.
ഫെൻസിംഗ് ഒഴിവാക്കണം
ഫുട്ബാൾ ഗ്രൗണ്ട് വരുന്നതിൽ പ്രശ്‌നമില്ലെന്നും ഗ്രൗണ്ടിലെ ഫെൻസിംഗ് ഒഴിവാക്കിയാൽ എട്ട് റണ്ണിംഗ് ട്രാക്കുകൾ കൂടി ഒരുക്കാനാകുമെന്നാണ് അത്‌ലറ്റിക് അസോസിയേഷൻ വാദം. പറവട്ടാനി, ലാലൂർ ഐ.എം. വിജയൻ സ്റ്റേഡിയം എന്നിവ ഫുട്ബാളിനായി ഉണ്ടെങ്കിലും അത്‌ലറ്റിക്‌സിനായി ഒരു ട്രാക്കും ഫീൽഡുമില്ല.
ഹോം മാച്ച് കോർപറേഷൻ ഗ്രൗണ്ടിൽ
മാജിക് എഫ്.സിയുടെ ആദ്യ ഹോം മാച്ച് മുതൽ കോർപറേഷൻ ഗ്രൗണ്ടിൽ കളിച്ച് തുടങ്ങും. ഇതുപ്രകാരം ഒക്ടോബർ 19 നാണ് കൊച്ചിയുമായുള്ള മാജിക് എഫ്.സിയുടെ ആദ്യ ഹോംമത്സരം. അതിനുമുൻപേ മൈതാനത്ത് പുതിയ ടർഫ് വിരിക്കുന്ന പ്രവൃത്തി പൂർത്തിയാക്കുമെന്നാണ് വിവരം. മൈതാനം ഒരുക്കുന്നതിന് എട്ട് ദിവസം മാത്രം മതിയാകും. ചൈനയിൽ നിന്നും ടർഫ് മറ്റീരിയൽ കൊച്ചിയിൽ എത്തിയെന്നും പറയുന്നു. സൂപ്പർ ലീഗ് കേരള ടൂർണമെന്റിൽ മാജിക് എഫ്.സിയുടെ അഞ്ച് ഹോം മത്സരങ്ങളാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഇത് ഫുട്ബാൾ ഗ്രൗണ്ട്
ഗവ. മോഡൽ ബോയ്‌സ് സ്‌കൂളിലെ കുട്ടികൾക്ക് ഫുട്ബാൾ കളിക്കാൻ കൊച്ചിരാജാവ് അനുവദിച്ചതാണ് പാലസ് ഗ്രൗണ്ട് എന്നാണ് ഫുട്ബാൾ പ്രേമികളുടെ പക്ഷം. സൂപ്പർ ലീഗ് കേരള തൃശൂരിൽ എത്തണമെന്നും അടുത്ത വർഷം സന്തോഷ് ട്രോഫി മത്സരങ്ങൾ തൃശൂരിൽ നടത്താനാകുമെന്നാണ് കാൽപ്പന്തുകളിക്കാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |