കൊല്ലം: അമീബിക് മസ്തിഷ്കജ്വരം പിടിപെട്ട് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ ആശങ്ക ഉയരുന്നു. രണ്ടു മാസത്തിനിടെ ജില്ലയിൽ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെ ജീവനാണ് നഷ്ടമായത്. കഴിഞ്ഞ 1ന് ചിറക്കര ഇടവട്ടം സ്വദേശിയായ 63 കാരനാണ് ഒടുവിൽ മരിച്ചത്.
കാൻസർ ബാധിതനായ ഇദ്ദേഹം അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. തുടർന്ന് വീട്ടിലെ കിണറ്റിലെയും പൈപ്പ് ലൈനിലെയും വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ രോഗകാരിയായ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ചിറക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം, കുളങ്ങൾ, പൊതുജലാശയങ്ങൾ എന്നിവയിലെ വെള്ളം ഉപയോഗിക്കുന്നതിൽ ജാഗ്രതാ നിർദ്ദേശം നൽകി.
കിണറുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്തു. കടയ്ക്കൽ ആൽത്തറമൂട് സ്വദേശിയായ 43 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ നടത്തിയ പരിശോധനയിൽ കടയ്ക്കലിലെ ക്ഷേത്രക്കുളത്തിലും യുവാവിന്റെ വീട്ടിലെ കിണറ്റിലും അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മൂന്നാഴ്ച മുമ്പ് രോഗം സ്ഥിരീകരിച്ച യുവാവ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമേ ഇത്തരം അമീബയുണ്ടാകാൻ സാദ്ധ്യതയുള്ളൂ.
മരണസാദ്ധ്യത 97%
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക
വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്യുക
കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം
മലിനജലത്തിൽ കുളിക്കുന്നതും മുഖവും വായും കഴുകുന്നതും ഒഴിവാക്കണം
കിണറ്റിലെ വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കുക
വെള്ളം സംഭരിക്കുന്ന ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക
രോഗലക്ഷണം പ്രകടമാകാൻ
1-9 ദിവസം
ലക്ഷണങ്ങൾ
തീവ്രമായ തലവേദന
പനി
ഓക്കാനം
ഛർദ്ദി
കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്
വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്
ഭക്ഷണം കഴിക്കാനുള്ള വിമുഖത
നിഷ്‌ക്രിയരായി കാണപ്പെടുക
സാധാരണമല്ലാത്ത പ്രതികരണം
രോഗം ഗുരുതരമായാൽ അപസ്മാരം
ബോധക്ഷയം
ഓർമ്മക്കുറവ്
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ
പട്ടാഴി
പാലത്തറ
ചിറക്കര
മാങ്കോട് ചിതറ
നിലമേൽ
ചവറ
കടയ്ക്കൽ
വെളിനല്ലൂർ
പേരയം
പൊഴിക്കര
അടുത്തിടെ നടത്തിയ പരിശോധനയിൽ മൂന്നെണ്ണത്തിൽ കിണർവെള്ളത്തിലാണ് അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ക്യാമ്പയിനും ക്ലോറിനേഷനും പുരോഗമിക്കുകയാണ്.
ആരോഗ്യവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |