ശരീരവേദന വന്നാലും പനിവന്നാലും ഒട്ടുമിക്കവരും അഭയം തേടുന്നത് പാരസെറ്റാമാേളിലാണ്. ഗുളിക കഴിക്കാൻ ഇഷ്ടപ്പെടാത്തവർപോലും അവ കഴിക്കും. എന്നാൽ പാരസെറ്റാമോൾ നമുക്ക് ഇഷ്ടമുളള വിഭവങ്ങളുടെ രുചിയിലും രൂപത്തിലും കിട്ടിയാലോ?അത്തരത്തിലൊരു സംഭവം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നെതർലാൻഡിൽ പാരസെറ്റാമോൾ ചേർത്ത ഐസ്‌ക്രീം തയ്യാറാക്കിയെന്നും അവ രോഗികൾക്ക് എങ്ങനെ വേണമെങ്കിലും കഴിക്കാമെന്നുമായിരുന്നു പുറത്തുവന്ന വിവരം. പാരസെറ്റാമോൾ കലർന്ന ഐസ്ക്രീമിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ഇതിനുപിന്നിലെ വാസ്തവം എന്താണെന്ന് പരിശോധിക്കാം.
വർഷങ്ങൾക്കു മുൻപ് നെതർലാൻസിൽ ഒരിക്കൽ അത്തരത്തിൽ ഒരു ഐസ്ക്രീം ഉണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പരാമർശിക്കുന്നത്.എന്നാൽ പുറത്തു വിൽക്കുകയെന്ന ലക്ഷ്യത്തോടു കൂടിയല്ലായിരുന്നു. പകരം ഒരു പ്രദർശനത്തിനുവേണ്ടിയായിരുന്നു. അന്ന് എത്തിച്ച പ്രത്യേക ഐസ്ക്രീമിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
നെതർലാൻഡിലെ 'നാഗൽകെർകെ' എന്ന സ്ഥാപനമായിരുന്നു ഇത്തരത്തിൽ ഒരു ഐസ്ക്രീം തയ്യാറാക്കിയത്.2016ൽ ഹോളണ്ടിൽ നടന്ന കാർണിവലിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു അവർ ശ്രമിച്ചത്. ഒന്നിൽ കൂടുതൽ തവണ ഐസ്ക്രീം ഉത്പാദിപ്പിക്കുകയെന്ന ഉദ്ദേശം കമ്പനിക്കില്ലായിരുന്നു. എങ്കിലും ആരോഗ്യവിദഗ്ധരുടെ കർശന നിർദ്ദേശങ്ങളും ആശങ്കകളും കണക്കിലെടുത്ത് ആ പ്രദർശനത്തിൽ നിന്നുപോലും പിന്നീട് ഐസ്ക്രീം നീക്കം ചെയ്യുകയായിരുന്നു.
എന്നാൽ പാരസെറ്റാമോൾ ഐസ്ക്രീമുമായി ബന്ധപ്പെട്ട് മറ്റുചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്, ഐസ്ക്രീമിന്റെ നിർമ്മാണ കമ്പനിക്ക് ലൈസൻസ് നേടിയെടുക്കാൻ സാധിക്കാതെ വന്നതോടെ ഉത്പാദനം നിർത്തിയെന്ന വാർത്തകളും പ്രചരിക്കുന്നു. എന്നാൽ, ഐസ്ക്രീം സ്കൂപ്പിന്റെ മുകളിൽ പാരസെറ്റാമോളെന്ന് എഴുതിവച്ച് കാണികളെ പറ്റിച്ചതാകാമെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |