ന്യൂഡൽഹി: കരിയറിലെ എഴാം സെഞ്ച്വറിയുമായി ക്രീസിൽ നിറഞ്ഞാടിയ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് പോയതോടെ ആരാധകർക്ക് നിരാശ. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറിക്കരികെയാണ് ജയ്സ്വാൾ (175) പുറത്തായത്. എതിർവശത്ത് നിൽക്കുന്ന ശുഭ്മാൻ ഗില്ലുമായുണ്ടായ ആശയക്കുഴപ്പമാണ് താരത്തിന്റെ വിക്കറ്റ് തെറിപ്പിച്ചത്. ഒരു പക്ഷേ, ക്രീസിൽ തുടർന്നാൽ ഇരട്ട സെഞ്ച്വറി ജയ്സ്വാളിന്റെ ബാറ്റിൽ നിന്ന് പിറക്കുമായിരുന്നു.
ജയ്ഡൻ സീൽസിന്റെ ഓവറിലെ രണ്ടാം പന്തിൽ എക്സ്ട്രാ കവറിലേക്ക് ഡ്രൈവ് ചെയ്ത ജയ്സ്വാൾ ഉടൻ തന്നെ ക്രീസ് വിട്ടു. എന്നാൽ അതൊരു റൺ സാദ്ധ്യതയില്ലെന്ന് മനസിലാക്കിയ ഗിൽ ജയ്സ്വാളിനെ തിരിച്ചയച്ചു. അപ്പോഴേക്കും എക്സ്ട്രാ കവറിൽ ഫീൽഡ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഫീൽഡർ ടാഗ് നരെയ്ൻ ചന്ദ്രപ്പോൾ ബോൾ കൈക്കലാക്കി കീപ്പറുടെ കൈകളിലേക്ക് എത്തിക്കുകയായിരുന്നു. വിക്കറ്റ് തെറിച്ചതോടെ ജയ്സ്വാൾ നിരാശ ഗില്ലിനോട് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഔട്ട് വിശ്വസിക്കാനാവാതെ ഗിൽ തലയിൽ കൈവച്ചാണ് ഞെട്ടൽ പ്രകടിപ്പിച്ചത്.
ഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യദിനം കളിനിറുത്തുമ്പോൾ 318/2 എന്ന നിലയിലെത്തിയിരുന്നു. അർദ്ധസെഞ്ച്വറി നേടിയ ഫസ്റ്റ്ഡൗൺ ബാറ്റർ സായ് സുദർശനുമാണ് (87) ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. ഇന്നലെ ആദ്യ പന്തുമുതൽ അവസാന പന്തുവരെ ക്രീസിലുണ്ടായിരുന്ന യശസ്വി 253 പന്തുകൾ നേരിട്ട് 22 ബൗണ്ടറികൾ പായിച്ചാണ് 173ലെത്തിയത്.
ആദ്യ സെഷനിലും അവസാന സെഷനിലും ഓരോ വിക്കറ്റുകൾ നേടാനായി എന്നതൊഴിച്ചാൽ വിൻഡീസ് ബൗളർമാർ മൊത്തം വെള്ളം കുടിക്കുകയായിരുന്നു. ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം നേടിയ ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇന്നലെ കളിക്കാനിറങ്ങിയത്. രാഹുലും യശസ്വിയും ചേർന്ന് ഓപ്പണിംഗിൽ 58 റൺസാണ് കൂട്ടിച്ചേർത്തത്. 54 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സും പറത്തിയ രാഹുൽ 18ാം ഓവറിൽ ജോമൽ വാരിക്കന്റെ പന്ത് അടിക്കാൻ ചാടിയിറങ്ങിയപ്പോൾ കീപ്പർ ഇമ്ളാച്ച് സ്റ്റംപ് ചെയ്യുകയായിരുന്നു. തുടർന്ന് സായ് ക്രീസിലിറങ്ങി. 94/1 എന്ന നിലയിലാണ് ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്. സായ് അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ യശസ്വി സെഞ്ച്വറിയിലെത്തി. 220/1 എന്ന നിലയിലാണ് ചായയ്ക്ക് പിരിഞ്ഞത്. ചായ കഴിഞ്ഞ് അധികം വൈകാതെ സായ് വാരിക്കന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |