കാലിഫോർണിയ: ബേബി പൗഡർ ഉപയോഗിച്ച സ്‌ത്രീ ക്യാൻസർ വന്ന് മരിച്ചുവെന്ന പരാതിയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയോട് 966 മില്യൺ ഡോളർ (85,76,67,93,000 രൂപ ) നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ജീവിതകാലം മുഴുവൻ ബേബി പൗഡർ ഉപയോഗിച്ചതിനാലാണ് സ്‌ത്രീക്ക് ക്യാൻസർ വന്നതെന്നാരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. നീണ്ട 15 വർഷത്തിനൊടുവിൽ ഇപ്പോഴാണ് കേസിൽ ലോസ് ഏഞ്ചൽസ് സ്റ്റേറ്റ് കോടതിയുടെ വിധി വന്നിരിക്കുന്നത്.
ആസ്ബറ്റോസിന്റെ അമിത സമ്പർക്കം മൂലമുണ്ടാകുന്ന ക്യാൻസറാണ് മേ മൂർ എന്ന സ്‌ത്രീയെ ബാധിച്ചിരുന്നത്. 2021ൽ 88-ാം വയസിലാണ് ഇവർ മരിച്ചത്. മേ മൂറിന്റെ കുടുംബത്തിനാണ് നഷ്‌ടപരിഹാരത്തുക ലഭിക്കുക. ഇതിന് മുമ്പും ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് സമാനമായ കേസിൽ നഷ്‌ടപരിഹാരം നൽകാൻ വിധിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നുമാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വൈസ് പ്രസിഡന്റായ എറിക് ഹാസ് പ്രസ്‌താവനയിലൂടെ അറിയിച്ചത്.
2023ൽ ലോകമെമ്പാടുമുള്ള വിപണിയിൽ നിന്ന് ഈ പൗഡർ താൽക്കാലികമായി പിൻവലിച്ചിരുന്നു. പിന്നീട് ഉപഭോക്താക്കൾ നൽകിയ പല കേസുകളിലും കമ്പനി പരാജയപ്പെട്ടു. ഇപ്പോഴും പല കേസുകളും നേരിടുന്നുണ്ട്. കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നാണ് മൂറിന്റെ അഭിഭാഷകയായ ജെസീക്ക ഡീൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |