□ഉത്തരവ് കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന്
തിരുവനന്തപുരം: സർവകലാശാലകളിൽ താൻ നിയമിച്ച താത്കാലിക വൈസ്ചാൻസലർമാർക്ക് സ്ഥിരം വി.സിമാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് ഉത്തരവിറക്കി ഗവർണർ. സ്ഥിരം വി.സിമാർക്കുള്ള എല്ലാ അധികാരങ്ങളും ചുമതലകളുമുള്ള ഇവരെ ഇൻ-ചാർജ് ഓഫീസർമാരായും, സ്ഥിരം വി.സിമാരേക്കാൾ താഴ്‌ന്നവരായും കണക്കാക്കരുതെന്നും ഗവർണർ ഉത്തരവിൽ പറയുന്നു.
ഗവർണർ നിയമിച്ച വൈസ്ചാൻസലർമാർ ഔദ്യോഗിക വാഹനവും വസതിയും ഉപയോഗിക്കുന്നതിനും യാത്രാബത്ത എഴുതിയെടുക്കുന്നതിനും സർക്കാർ തടയിട്ട കാര്യം 'കേരളകൗമുദി' ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.ഗവർണർ നിയമിച്ച വി.സിമാർക്ക് ഔദ്യോഗിക വസതി, ഔദ്യോഗിക വാഹനം, സുരക്ഷാ ഉദ്യോഗസ്ഥർ, ക്യാമ്പ് ഓഫീസിലും വസതിയിലും പേഴ്സണൽ സ്റ്റാഫ് എന്നിവയ്ക്ക് അർഹതയുണ്ട്. കുടുംബസമേതം യാത്രയ്ക്കുള്ള ലീവ് ട്രാവൽ കൺസഷൻ ആനുകൂല്യവുമുണ്ട്. വി.സിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ആനുകൂല്യങ്ങൾ, വി.സിയെന്ന നിലയിലുള്ള യാത്രാ ചെലവുകൾ എന്നിവയെല്ലാം ലഭിക്കും. വി.സിമാരുടെ നിയമന തീയതി മുതൽ പ്രാബല്യത്തിലാവുന്ന തരത്തിലാണ് ഉത്തരവ്. വി.സിയെന്ന നിലയിൽ വിദേശയാത്രകൾ നടത്തുന്നതിന് ഓഡിറ്റ് വിഭാഗം എതിർപ്പുന്നയിച്ചിരുന്നു.
വി.സിമാരുടെ സേവന ആനുകൂല്യങ്ങളെച്ചൊല്ലി തർക്കങ്ങളുയർന്ന സാഹചര്യത്തിലാണ് ഉത്തരവെന്ന് രാജ്ഭവൻ വ്യക്തമാക്കി. ഗവർണർ നിയമിച്ച വി.സിമാർക്ക് ആ പദവിയിൽ സ്ഥിരപ്പെടുത്തണമെന്ന് അവകാശവാദം ഉന്നയിക്കാനാവില്ല. സ്ഥിരം വി.സിയെ നീക്കം ചെയ്യാൻ സർവകലാശാലാ ആക്ടിലെ വ്യവസ്ഥകൾ ഇവർക്കും ബാധകമാണ്. സർവകലാശാലാ പ്രൊഫസറായുള്ള ചുമതലകൾ ഇക്കാലയളവിൽ നിർവഹിക്കണമെന്ന് നിർബന്ധമില്ല. ഇക്കാര്യത്തിൽ വി.സിമാർക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്നും ഉത്തരവിലുണ്ട്. ഗവർണറുടെ അഡി.ചീഫ് സെക്രട്ടറി ഡോ.ദേവേന്ദ്രകുമാർ ദൊഡാവത്താണ് ഉത്തരവിറക്കിയത്. ആരോഗ്യ സർവകലാശാലയൊഴികെ എല്ലായിടത്തും താത്കാലിക വി.സിമാരാണ്.
വി.സിമാർ
പഠിപ്പിക്കണമെന്നില്ല
ഗവർണർ നിയമിച്ച വി.സിമാരെല്ലാം വിവിധ സർവകലാശാലകളിലെ സീനിയർ പ്രൊഫസർമാരാണ്. ഇവർക്ക് നിലവിലെ ചുമതലകൾക്ക് പുറമെയുള്ള അധിക ചുമതലയായാണ് വി.സി പദവി . പ്രൊഫസർമാരെ വി.സിയാക്കുമ്പോൾ ശമ്പളം അവരുടെ മാതൃസർവകലാശാലകളാണ് നൽകുന്നത്. കാലിക്കറ്റ് സർവകലാശാലയിലടക്കം വി.സി ക്ലാസെടുക്കണമെന്ന് സിൻഡിക്കേറ്റ് നിലപാടെടുത്തു. അതോടെയാണ്, വി.സിമാർ പഠിപ്പിക്കണമെന്നില്ലെന്ന് ഗവർണർ ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |