കൊച്ചി: ക്ലീനിംഗ് ഉൾപ്പെടെയുള്ള അധിക ജോലിഭാരം പേടിച്ച് എൽ.പി, യു.പി ഹെഡ്മാസ്റ്റർ തസ്തികയോട് അദ്ധ്യാപകർ മുഖം തിരിക്കുന്നു. 'എച്ച്.എം" ആയാൽ രണ്ട് ഇൻക്രിമെന്റിനൊപ്പം 'പണിയും" കിട്ടുമെന്നാണ് പ്രചാരം. സമയം നോക്കാതെ ജോലിചെയ്താലും പ്രതിഫലം പഴിമാത്രം.
സംസ്ഥാനത്തെ എൽ.പി, യു.പി സ്‌കൂളുകളിൽ പ്രമോഷന് അർഹതയുള്ള 600 ലേറെ അദ്ധ്യാപകർ വേണ്ടെന്നുവച്ചതായാണ് വിവരം. വനിതകളാണ് ഇവരിലേറെയും. ശുചീകരണത്തിന് ആളില്ലാത്തതിനാൽ ടോയ്‌ലെറ്റ് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യേണ്ടിവരുന്നതായി ഒരു പ്രഥമ അദ്ധ്യാപകൻ പറഞ്ഞു. ഇതിനൊന്നും ഫണ്ടില്ല.
തദ്ദേശ സ്ഥാപനങ്ങളുമായും വിവിധ സർക്കാർ വകുപ്പുകളുമായും സഹകരിച്ച് പല കാര്യങ്ങളും ഹെഡ്മാസ്റ്റർക്ക് ചെയ്യാനുണ്ടാവും. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ, പൊലീസ്, എക്‌സൈസ് വകുപ്പുകളുമായി സഹകരിച്ചുള്ള പദ്ധതികളുടെയും കലോത്സവം, കായികമേള, ശാസ്ത്രമേള തുടങ്ങിയവയുടെയും ചുമതല ഹെഡ്മാസ്റ്റർക്കാണ്. വൈകിട്ട് നാലിനു ശേഷമാണ് ക്ലറിക്കൽ ജോലികൾ തീർക്കുന്നതെന്ന് കൊച്ചിയിലെ സ്‌കൂളിലെ അദ്ധ്യാപകൻ പറഞ്ഞു. എച്ച്.എം നിയമനത്തിന് 15 വർഷത്തെ അദ്ധ്യയന പരിചയത്തോടൊപ്പം യോഗ്യതാ പരീക്ഷ വിജയിക്കുകയും വേണം. 50 വയസ് കഴിഞ്ഞവർക്ക് ഇളവുണ്ട്.
മെനു കേമം, പണം ഇല്ല
സർക്കാർ മെനു പ്രകാരം കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണം സ്വന്തം നിലയ്‌ക്കു കണ്ടെത്തണം. സർക്കാർ വിഹിതം അപര്യാപ്തം. രണ്ടുമാസമായി അതുമില്ല. പരിചയക്കാരിൽ നിന്നു സംഭാവനയും സ്‌പോൺസർഷിപ്പും എല്ലായിപ്പോഴും കിട്ടണമെന്നില്ല. സ്കൂളിലെ മോട്ടോറോ, ടാപ്പോ കേടായാൽ നന്നാക്കുന്നതിന്റെ പണവും എച്ച്.എം നൽകണം.
ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്നതിനൊപ്പം ക്ലാസെടുക്കണം.
''എൽ.പി, യു.പി സ്കൂളുകളിൽ ഓഫീസ് അറ്റൻഡന്റും ശുചീകരണ ജീവനക്കാരിയും വേണമെന്നാണ് കെ.ഇ.ആർ ചട്ടം. അത് പാലിക്കപ്പെടുന്നില്ല. അമിതജോലിയും സാമ്പത്തിക ബാദ്ധ്യതയും മൂലം പ്രധാന അദ്ധ്യാപകർ വലിയ സമ്മർദ്ദത്തിലാണ്.
ഇ.ടി.കെ ഇസ്മയിൽ, സംസ്ഥാന ജന. സെക്രട്ടറി, കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |