കോഴിക്കോട്: ഡോക്‌ടർക്ക് വെട്ടേറ്റ സംഭവത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയതെന്ന് താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്‌ണൻ. പ്രതി സനൂപിന്റെ പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നും സാമ്പത്തിക ഇടപാട് നടന്നോ എന്നും സംശയമുള്ളതായും അദ്ദേഹം പറഞ്ഞു.
'കുട്ടിയുടെ മരണ സർട്ടിഫിക്കറ്റ് കിട്ടാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. വിഷയത്തിൽ ഇടപെട്ടിരുന്നു. മുമ്പ് സനൂപ് വന്നപ്പോൾ പ്രശ്‌നം പരിഹരിച്ചതാണ്. കുട്ടിക്ക് ചികിത്സ വൈകിയിട്ടില്ല. ജനറൽ ഒപിയിൽ നിന്നാണ് ചികിത്സ തേടിയത്. ഡോക്‌ടർക്ക് വെട്ടേറ്റപ്പോൾ ഒരു കൂട്ടർ പുറത്ത് നിന്ന് പൂത്തിരി കത്തിച്ച് ആഘോഷിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്‌ത് പരിഹരിച്ചശേഷം ഒരു സംഘം ആശുപത്രിയിൽ വാഴവച്ചിരുന്നു. ഒരു സംഘടനാ നേതാവ് ഭീഷണിപ്പെടുത്തി. ഇന്നലത്തെ സംഭവത്തിന് പിന്നിൽ മറ്റ് ആളുകളുമുണ്ടെന്നാണ് സംശയം. പണമിടപാട് നടന്നതായും സംശയമുണ്ട് ' - ഗോപാലകൃഷ്‌ണൻ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് താമരശേരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും അസിസന്റ് സർജനുമായ ഡോ. പിടി വിപിന്റെ (35) തലയ്ക്ക് മാരകമായി വെട്ടേറ്റത്. മസ്തിഷ്ക ജ്വരം ബാധിച്ച ഒൻപത് വയസുള്ള തന്റെ മകൾ മരിച്ചത് ഡോക്ടർമാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയിൽ പിതാവായ സനൂപ് ആക്രമിക്കുകയായിരുന്നു. ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്.
സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗിൽ ഒളിപ്പിച്ച കൊടുവാളുമായി സനൂപ് വന്നത്. സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. അതേ മീറ്റിംഗിൽ നിന്ന് രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ ഇറങ്ങി വന്നതായിരുന്നു ഡോ.വിപിൻ. സൂപ്രണ്ടിന്റെ ഓഫീസിൽ കയറിയാണ് ലാബ് റിപ്പോർട്ട് വാങ്ങി പരിശോധിച്ചത്. ഡോക്ടറുമായി സംസാരിച്ചുകൊണ്ടു നിന്നവരുടെ തലയ്ക്ക് മുകളിലൂടെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൂർത്ത അഗ്രഭാഗമാണ് തുളഞ്ഞു കയറിയത്. ഡോക്ടർതന്നെ അക്രമിയെ തടഞ്ഞു. മറ്റുമുള്ളവർ ഓടിയെത്തി കീഴടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |