കോഴിക്കോട്: ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച പ്രതി സനൂപിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മകളുടെ മരണശേഷം സനൂപ് വളരെ സങ്കടത്തിലായിരുന്നുവെന്ന് അയൽവാസിയായ ഷംസീർ പറഞ്ഞു. തന്റെ മകൾ മസ്തിഷ്ക ജ്വരം ബാധിച്ചല്ല മരിച്ചതെന്നും മരണകാരണം അറിയണമെന്നും പറഞ്ഞ് സനൂപ് പലതവണ തന്നെ ഫോണിൽ വിളിച്ചതായും ഷംസീർ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി. ചില സമയം പരസ്പരബന്ധമില്ലാതെയാണ് സനൂപ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകളുടെ മരണസർട്ടിഫിക്കറ്റിനായി സനൂപ് പലവട്ടം ആശുപത്രിയിൽ കയറിയിറങ്ങിയെന്ന് ഇന്നലെ സനൂപിന്റെ ഭാര്യ പ്രതികരിച്ചിരുന്നു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയായിരുന്നു ആക്രമണം നടന്നത്.കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും അസിസന്റ് സർജനുമായ ഡോ.പി.ടി. വിപിനാണ് (35) തലയ്ക്ക് മാരകമായി വെട്ടേറ്റത്. മസ്തിഷ്ക ജ്വരം ബാധിച്ച ഒൻപതു വയസുള്ള തന്റെ മകൾ മരിച്ചത് ഡോക്ടർമാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയിൽ പിതാവായ സനൂപ് ആക്രമിക്കുകയായിരുന്നു. ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് സംഭവം.
സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗിൽ ഒളിപ്പിച്ച കൊടുവാളുമായി വന്നത്. സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. അതേ മീറ്റിംഗിൽ നിന്ന് രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ ഇറങ്ങി വന്നതായിരുന്നു ഡോ.വിപിൻ. സൂപ്രണ്ടിന്റെ ഓഫീസിൽ കയറിയാണ് ലാബ് റിപ്പോർട്ട് വാങ്ങി പരിശോധിച്ചത്. ഡോക്ടറുമായി സംസാരിച്ചുകൊണ്ടു നിന്നവരുടെ തലയ്ക്ക് മുകളിലൂടെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൂർത്ത അഗ്രഭാഗമാണ് തുളഞ്ഞു കയറിയത്. ഡോക്ടർതന്നെ അക്രമിയെ തടഞ്ഞു. മറ്റുമുള്ളവർ ഓടിയെത്തി കീഴടക്കി. തലശേരി സ്വദേശിയായ ഡോക്ടർ കോഴിക്കോടാണ് താമസം.
ഡോക്‌ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഡോക്‌ടർമാരുടെ സംഘടനകൾ അറിയിച്ചു. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ പണി മുടക്കും. മറ്റ് ജില്ലകളിൽ ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധം. ഐഎംഎയും ഇന്ന് വിവിധ ജില്ലകളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |