ആലപ്പുഴ: ഓണം ബമ്പറല്ല ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമെന്ന് 'ഭാഗ്യശാലി' ശരത് എസ് നായർ. മകൻ ജനിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് അദ്ദേഹം പറഞ്ഞു. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം പ്രാർത്ഥനകളും ചികിത്സയുമൊക്കെ നടത്തിയാണ് മകൻ ജനിച്ചതെന്നും യുവാവ് വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശരത്.
ലോട്ടറിയടിച്ചാലും ഇല്ലെങ്കിലും വളരെ സിമ്പിളായി ജീവിച്ചുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ശരത് പറഞ്ഞു. 'കിട്ടുന്ന പണം എഫ് ഡി ഇടും. പിന്നീട് എന്തെങ്കിലും ചെയ്യും. ഇപ്പോൾ പ്ലാനൊന്നുമില്ല. ചിന്തിച്ചുവരുന്നേയുള്ളൂ. ആദ്യം സാമ്പത്തിക പ്രശ്നങ്ങൾ തീർക്കണം. ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നവരെ പറ്റുന്നപോലെ സഹായിക്കണമെന്ന് വിചാരിക്കുന്നുണ്ട്. എല്ലാവരും വന്ന് ചോദിച്ചാൽ സഹായിക്കാൻ പറ്റണമെന്നില്ലല്ലോ. കുടുംബവുമായി ആലോചിച്ചിട്ടേ കാര്യങ്ങൾ ചെയ്യുകയുള്ളൂ.
ടൂവീലറാണ് എനിക്കുള്ളത്. ഒരു വാഹനം വാങ്ങണമെന്നുണ്ട്. ഫാമിലിയെ എവിടെയെങ്കിലും കൊണ്ടുപോകാനൊക്കെ അത് വേണം. അച്ഛനും അമ്മയും യാത്ര ചെയ്യാൻ ആഗ്രഹമുള്ളവരാണ്. ക്ഷേത്രങ്ങളിൽ പോകാനൊക്കെയാണ് അവർക്ക് ഇഷ്‌ടം. അങ്ങനെയെന്തെങ്കിലും പ്ലാൻ ചെയ്യണമെന്നുണ്ട്. എന്റേത് അറേഞ്ച്ഡ് മാര്യേജ് ആണ്. ഭാര്യയ്ക്ക് മുമ്പ് ഇൻഫോപാർക്കിൽ ജോലിയുണ്ടായിരുന്നു. കുട്ടിയായതിന് ശേഷം പോകുന്നില്ല. മകന് ആറ് മാസമേ ആയിട്ടുള്ളൂ. കുട്ടിയുടെ ഭാഗ്യം കൂടിയാണ്. '- ശരത് പറഞ്ഞു.
ടിക്കറ്റെടുക്കുമ്പോൾ എന്തെങ്കിലും കാര്യം ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "നറുക്കെടുപ്പ് മാറ്റിവച്ചതുകൊണ്ട് മാത്രമാണ് ഓണം ബമ്പർ ലോട്ടറിയെടുത്തത്. നമ്പരൊന്നും ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ നമ്പർ നോക്കി എടുക്കാനൊന്നും അറിയില്ല. മുകളിലുണ്ടായിരുന്ന ടിക്കറ്റെടുക്കുകയായിരുന്നു. ലോട്ടറിയടിച്ചപ്പോൾ ഒരുപാട് പേർ വിളിച്ച് ആശംസയറിയിച്ചു. പന്ത്രണ്ട് വർഷമായി ഈ പെയ്ന്റ് കടയിൽ ജോലി ചെയ്യുന്നു. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന് നിലവിൽ പ്ലാൻ ചെയ്തിട്ടില്ല. ഭാവിയിൽ എന്തെങ്കിലും ചെയ്യുമോയെന്നറിയില്ല."- അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |