തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിലെ 20,000 ഹെക്ടർ നെൽപ്പാടങ്ങളിൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്ന ലോ കാർബൺ നെൽക്കൃഷി പ്രചരിപ്പിക്കാൻ പദ്ധതി. കേരളത്തിലെ കാർഷിക മേഖലയുടെ പരിവർത്തനം ലക്ഷ്യമിട്ട് ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് ആവിഷ്‌കരിച്ച കേരള ക്ലൈമറ്റ് റിസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ പദ്ധതിയാണ് (കേര) നടപ്പാക്കുന്നത്. ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുന്ന വിള പരിപാലന മുറകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ, കാർബൺ ലഘൂകരണ മാർഗങ്ങൾ, വിവര ശേഖരണത്തിനും സ്ഥിരീകരണത്തിനുമായി നിസാർ തുടങ്ങിയ ഉപഗ്രഹ സാങ്കേതിക വിദ്യകൾ എന്നിവയിൽ ശാസ്ത്ര സെമിനാറുകൾ നടത്തും. ഗവേഷക വിദ്യാർത്ഥികൾക്കും യുവഗവേഷകർക്കും സ്‌കോളർഷിപ്പുകളും സാങ്കേതിക സഹായങ്ങളും നൽകും. പദ്ധതിയുടെ സാദ്ധ്യതകൾ മനസിലാക്കി പ്രചരിപ്പിക്കുന്നതിന് കൃഷിയിട സന്ദർശനങ്ങളും ചർച്ചകളും നടക്കും. പ്രാരംഭ ശിൽപ്പശാലയിൽ കർഷകരും, കാർഷിക വിദഗ്ദ്ധരും നിർവഹണ ഉദ്യോഗസ്ഥരും ചേർന്നുള്ള ചർച്ചകളും സംവാദങ്ങളും നടക്കും.
പ്രാരംഭ ശിൽപ്പശാല ഇന്ന് മുതൽ
ലോ കാർബൺ നെൽക്കൃഷിക്ക് തുടക്കം കുറിക്കാൻ കേര പ്രാരംഭ ത്രിദിന ശിൽപ്പശാല ഇന്ന് മുതൽ 11 വരെ കാർഷിക സർവകലാശാലയിൽ നടക്കും. രാവിലെ 10ന് വെള്ളാനിക്കര കാർഷിക കോളേജ് സെമിനാർ ഹാളിൽ നടക്കും. സംസ്ഥാന കർഷക അവാർഡ് ജേതാവായ സി.ജെ.സ്‌കറിയ പിള്ള ഉദ്ഘാടനം ചെയ്യും. കാർഷികോത്പാദന കമ്മിഷണറും കേര പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറും കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ഡോ.ബി.അശോക് അദ്ധ്യക്ഷനാകും.
അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം, കാർഷിക സർവകലാശാല, ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കേരള സർക്കാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ഹരിതഗൃഹ വാതക ബഹിർഗമനം കുറഞ്ഞ നെൽക്കൃഷി സമ്പ്രദായങ്ങൾ' എന്ന വിഷയത്തിലാണ് ശിൽപ്പശാല.
പദ്ധതി പ്രവർത്തനങ്ങൾ
കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനുള്ള ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള അവലോകനവും മാർഗരേഖകളും ഉരുത്തിരിച്ചെടുക്കുന്നു.
ആഗോളതലത്തിലുള്ള മികച്ച അന്തർദേശീയ രീതികൾ ഉൾക്കൊള്ളും.
കാർഷിക മൂല്യവർദ്ധിത ശൃംഖലയിലെ നൂതന ഗവേഷണങ്ങൾ, പരീക്ഷണങ്ങൾ എന്നിവയ്ക്ക് പ്രോത്സാഹനം നൽകും.
ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നത് വഴി ജല ഉപഭോഗം കുറയ്ക്കാനും കാർബൺ ക്രെഡിറ്റ് സൃഷ്ടിക്കാനും അതുവഴി കർഷകർക്ക് അധിക വരുമാന സ്രോതസായും മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |