ന്യൂഡൽഹി: കേരളത്തിൽ ദേശീയപാത 66ന്റെ 16 റീച്ചുകളും ജനുവരിക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പണി ഉഴപ്പിയാൽ കരാറുകാർക്കെതിരെ കർശന നടപടിയുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ചില റീച്ചുകളിൽ കരാർ കമ്പനികളുടെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായതാണ് നിർമ്മാണം വൈകിയത്. ചിലർ നന്നായി പ്രവർത്തിച്ചു. ചിലയിടത്ത് ജോലിക്കാർ കുറവാണ്. നിതിൻ ഗഡ്‌കരി ഇൗ മാസം വിളിക്കുന്ന യോഗത്തിൽ ഇക്കാര്യങ്ങൾ അവലോകനം ചെയ്യും. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയടക്കം ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
നിലവിൽ കാസർകോട്- തളിപ്പറമ്പ്, വടകര അഴിയൂർ-വെങ്ങളം, തിരുവനന്തപുരം റീച്ചുകളിലാണ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത്. ജനുവരിയിലോ തൊട്ടടുത്ത മാസമോ ഇവ പൂർത്തിയാക്കും.
വടകര ഭാഗത്ത് നഗരത്തിലെ മേൽപ്പാല നിർമ്മാണം ഒഴികെയുള്ളവ പെട്ടെന്ന് പൂർത്തിയാക്കും. കുന്നോറമല ഭാഗത്തെ പ്രശ്‌നങ്ങൾ കാരണം വൈകിയ കൊയിലാണ്ടി ബൈപ്പാസ് നവംബറിൽ പൂർത്തിയാക്കും.
അഴിയൂർ-വെങ്ങളം റീച്ചിൽ 10 കിലോമീറ്റർ വീതമുള്ള നാലു ഭാഗങ്ങളാക്കി തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വിന്യസിച്ചത് നിർമ്മാണം വേഗത്തിലാക്കി. ഇത് മറ്റു ഭാഗങ്ങളിലും നടപ്പാക്കും.
പ്രാദേശിക ജനപ്രതിനിധികളുമായി ചർച്ച ചെയ്യാതെ ദേശീയപാത 66ന്റെ വിശദ പദ്ധതി തയ്യാറാക്കിയതിനാൽ ആവശ്യത്തിന് അണ്ടർ പാസ്, മേൽപ്പാലം എന്നിവ ഇല്ലാതായെന്നും മന്ത്രി പറഞ്ഞു.
തിരു. ഒൗട്ടർ റിംഗ് റോഡിൽ
15ഒാളം തുരങ്കങ്ങൾ
1. തിരുവനന്തപുരം വിഴിഞ്ഞം-നാവായിക്കുളം ഒൗട്ടർ റിംഗ് റോഡ് പദ്ധതിയിലെ തടസം നീക്കാൻ 15ഒാളം തുരങ്കങ്ങൾ നിർമ്മിക്കാനും ധാരണ. കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണവും ഉടൻ തുടങ്ങും
2. ദേശീയപാത 66 മൂലം മുറിഞ്ഞ കോഴിക്കോട് നഗരത്തിൽ നിന്ന് കുന്ദമംഗലം, വയനാട് ഭാഗത്തേക്കുള്ള പനാത്ത് താഴം-നേതാജി നഗർ റോഡിൽ എലിവേറ്റഡ് ഹൈവേ പണിയാൻ കേന്ദ്രം ഫണ്ട് നൽകും. പദ്ധതി രേഖ സമർപ്പിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |