പാവറട്ടി : യന്ത്രങ്ങൾ ഉപയോഗിച്ച് മണലൂറ്റുന്നത് മൂലം ഉൾനാടൻ ജലാശയങ്ങളിലേക്ക് മത്സ്യം ലഭിക്കാതെ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ. ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് പുളിക്കക്കടവ് പാലം മുതൽ ചേറ്റുവ പാലം വരെയുള്ള ഭാഗത്ത് പുഴയിൽ നിരവധി യന്ത്രങ്ങൾ ഉപയോഗിച്ച് രാപ്പകൽ വ്യത്യാസമില്ലാതെ മണലൂറ്റുന്നത്. ഇതുമൂലം കടലിൽ നിന്ന് മത്സ്യങ്ങൾ ചേറ്റുവ പുഴ വഴി ഉൾനാടൻ ജലാശയങ്ങളിലേക്ക് കയറി വരാതെയായി. ഇതോടെ മത്സ്യങ്ങൾ ലഭിക്കാതെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മാസങ്ങളായി ദുരിതത്തിലാണ്. യന്ത്രങ്ങളുടെയും മണൽ ലോറികളുടെയും വലിയ ശബ്ദവും ദുരിതം സൃഷ്ടിക്കുന്നു. ഇതും മത്സ്യങ്ങൾ പുഴയിലേക്ക് കയറിവരുന്നതിന് തടസം സൃഷ്ടിക്കുന്നു. കടലിൽ നിന്ന് ഓരുവെള്ളം കയറുന്നതോടെ കനോലിക്കനാൽ, പെരിങ്ങാട് പരപ്പ്, കോടമുക്ക് പരപ്പ്, ഏനാമാവ് കായൽ മുതൽ ഏകദേശം തൃപ്രയാർ വരെ ഈ സമയങ്ങളിൽ വൻതോതിൽ കടൽ മത്സ്യം കൂട്ടത്തോടെ എത്തേണ്ടതാണ്. എന്നാൽ മണലൂറ്റ് യന്ത്രത്തിന്റെ അടുത്തെത്തുന്ന മത്സ്യങ്ങൾ കടലിലേക്ക് തന്നെ തിരിച്ചു പോകുന്ന സ്ഥിതിയാണിപ്പോൾ. അനിയന്ത്രിതമായ മണലൂറ്റ് മൂലം മത്സ്യം കിട്ടാതായതോടെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാത്രികാലങ്ങളിലെ മണൽ ഖനനം വേലിയേറ്റ സമയത്ത് ആറുമണിക്കൂറെങ്കിലും ദിവസവും നിറുത്തിവച്ചാൽ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
വേലിയേറ്റ സമയത്തെ മണലൂറ്റ് നിറുത്തണം
മണലൂറ്റ് യന്ത്രങ്ങൾ രാത്രി വേലിയേറ്റ സമയത്ത് ആറു മണിക്കൂറെങ്കിലും പ്രവർത്തനം നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാർക്ക് മത്സ്യത്തൊഴിലാളി പ്രതിനിധികൾ പരാതി നൽകി. ഉൾനാടൻ മത്സ്യത്തൊഴിലാളികളായ ഉണ്ണിക്കൃഷ്ണൻ മണപ്പാട്, സുധീർ മണലൂർ, ബിജു മനക്കൽകടവ്, നൗഷാദ് ഏനാമാവ്, സുരേന്ദ്രൻ മണപ്പാട് എന്നിവരാണ് പരാതി നൽകിയത്. ഇതേ ആവശ്യം വെങ്കിടങ്ങ് പഞ്ചായത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘം വാർഷിക പൊതുയോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അടിയന്തരമായി സ്ഥലം സന്ദർശിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വെങ്കിടങ്ങ് ഡിവിഷൻ സെക്രട്ടറി യു.എ.ആനന്ദൻ, ട്രഷറർ കെ.വി.മനോഹരൻ എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എൻ.കെ.അക്ബർ എം.എൽ.എ, ജില്ലാ കളക്ടർ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കും പരാതി നൽകുമെന്നും അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |