തിരുവനന്തപുരം: വൃക്കരോഗിയായ ഭാര്യയെ ആശുപത്രിയിൽവച്ച് കഴുത്തുഞെരിച്ച് കൊന്നശേഷം ഗൃഹനാഥൻ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ചു. കരകുളം ഹൈസ്‌കൂൾ ജംഗ്ഷൻ 'അനുഗ്രഹ"യിൽ ജയന്തിയാണ് (63) കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരാംഗൻ ആശാരിയാണ് (73) ആശുപത്രികെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഭാസുരാംഗന് ചികിത്സ നൽകിയെങ്കിലും പിന്നീട് മരിച്ചു. പട്ടത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
ജയന്തിയുടെ രോഗാവസ്ഥയും നിരന്തര ചികിത്സയ്ക്ക് പണം കണ്ടെത്തേണ്ടതും ഭാസുരാംഗനെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ജയന്തി ഈമാസം ഒന്നു മുതൽ ഇവിടെ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസവും ഡയാലിസിസ് ചെയ്തിരുന്നു. ഭാര്യയ്ക്ക് അസുഖം കൂടുതലായത് ഭാസുരാംഗനെ അലട്ടിയിരുന്നു. ഇന്നലെ പുലർച്ചെ നാലോടെ പ്രധാന ബ്ലോക്കിന്റെ അഞ്ചാംനിലയിൽ നിന്ന് അകത്തളത്തിലേക്ക് ചാടുകയായിരുന്നു. ആശുപത്രി ജീവനക്കാർ ഉടൻ ഐ.സി.യുവിലേക്ക് മാറ്റി. രാവിലെ 9.45ന് മരിച്ചു.
ഏതെങ്കിലും രോഗിയുടെ കൂട്ടിരിപ്പുകാരനാകാമെന്ന സംശയത്തിൽ മുറികൾ പരിശോധിച്ചപ്പോഴാണ് ജയന്തിയെ മരിച്ച നിലയിൽ കണ്ടത്. ഇലക്ട്രിക്ക് കട്ടിലുകൾക്ക് ഉപയോഗിക്കുന്ന കേബിൾ കഴുത്തിൽ ചുറ്റിമുറുക്കിയാണ് കൊലപാതകം.
ഗൾഫിലായിരുന്ന ഭാസുരാംഗൻ മടങ്ങിയെത്തിയശേഷം ആശാരിപ്പണിക്ക് പോയിരുന്നു. സാമ്പത്തിക ബാദ്ധ്യതയുമുള്ളതായി ബന്ധുക്കൾ പറയുന്നു. മക്കൾ: രഞ്ജിത്ത് (ദുബായ്),രചന. മരുമകൻ: നവീൻ. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ടോടെ സംസ്‌കാരം നടത്തി. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |