കായംകുളം (ആലപ്പുഴ): രണ്ടരവയസ്സുള്ള പെൺകുട്ടിയുടെ കൈയിലണിഞ്ഞിരുന്ന സ്വർണച്ചെയിൻ മോഷ്ടിച്ചെന്ന് ആരോപിച്ച് തമിഴ്നാട് സ്വദേശിയായ മദ്ധ്യവയസ്കനെ കുട്ടിയുടെ മാതാപിതാക്കളടക്കം ആറുപേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. കായംകുളം ചേരാവള്ളി പാലക്കാട്ട് തറയിൽ തെക്കതിൽ വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി ദേവിക്കോട് തുടലിക്കാലായി പുത്തൻവീട്ടിൽ ഷിബു (സജി - 49) ആണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് കുന്നത്തുകോയിക്കൽ പടീറ്റതിൽ വിഷ്ണു, ഭാര്യ അഞ്ജന, വിഷ്ണുവിന്റെ അമ്മ കനി എന്നിവരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസികളും സുഹൃത്തുക്കളുമായ മൂന്ന് പേർ ഒളിവിലാണ്. ഷിബുവിന് ചെവിക്കു താഴെയേറ്റ അടിയിൽ കഴുത്തിലെ ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
പൊലീസ് പറയുന്നത് : ബുധനാഴ്ച രാവിലെ വിഷ്ണുവിന്റെ മകൾ അയൽവാസിയായ ഷിബുവിന്റെ വീട്ടിലെത്തിയിരുന്നു. തിരികെയെത്തിയപ്പോൾ കുട്ടിയുടെ കൈയിൽക്കിടന്ന രണ്ട് ഗ്രാമിന്റെ സ്വർണച്ചെയിൻ നഷ്ടപ്പെട്ടിരുന്നു. ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ തനിക്കറിയില്ലെന്നാണ് ഷിബു പറഞ്ഞത്. കുട്ടിയുടെ വീട്ടുകാർ പ്രദേശത്തെ ധനകാര്യസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കായംകുളം മേനാത്തേരിയിലുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ 13,000രൂപയ്ക്ക് ഇതേ സ്വർണം പണയം വച്ചതായി കണ്ടെത്തി. ഇത് ഷിബുവാണ് പണയം വച്ചതെന്ന് കണ്ടെത്തിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. തുടർന്ന് രാത്രി ഏഴ് മണിയോടെ കുട്ടിയുടെ മാതാപിതാക്കളും അയൽവാസികളും ചേർന്ന് ഷിബുവിനെ വീടിന് സമീപം വച്ച് ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ചതോടെ ഇവർ ഇയാളെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഷിബുവിന്റെ ഭാര്യ സുധ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അടിയേറ്റ് കുഴഞ്ഞുവീണ ഇയാളെ കായംകുളം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. എട്ടുവർഷം മുമ്പാണ് കാറ്ററിംഗ് ജോലിക്കായി ഷിബു കായംകുളത്തെത്തിയത്. ഭാര്യയും ഇയാളും മാത്രമായിരുന്നു വീട്ടിൽ താമസം. സ്വർണം ഷിബു തന്നെയാണോ ധനകാര്യസ്ഥാപനത്തിൽ പണയംവച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ അന്വേഷണം ഇന്ന് നടക്കും. ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടുമെന്ന് കായംകുളം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |