ചണ്ഡിഗഢ്: പ്രൊഫഷണൽ ബോഡിബിൽഡറും നടനുമായ വരുണീന്ദർ സിംഗ് ഘുമൻ (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചതെന്ന് ഘുമന്റെ മാനേജർ യാദ്‌വിന്ദർ സിംഗ് പറഞ്ഞു. ആശുപത്രിയിൽ വച്ച് വൈകുന്നേരത്തോടെ നടന് ഹൃദയാഘാതം ഉണ്ടായതായി അദ്ദേഹത്തിന്റെ മരുമകൻ അമൻജോത് സിംഗ് ഘുമൻ ജലന്ധറിൽ വച്ച് മാദ്ധ്യമളോട് വ്യക്തമാക്കി.
2009ൽ മിസ്റ്റർ ഇന്ത്യ പട്ടം നേടിയിട്ടുണ്ട്. മിസ്റ്റർ ഏഷ്യ മത്സരത്തിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. വെജിറ്റേറിയൻ ബോഡിബിൽഡർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഫിറ്റ്‌നസ് പ്രേമിയായിരുന്ന ഘുമൻ വർക്ക്ഔട്ട് വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ സ്ഥിരമായി പങ്കുവെച്ചിരുന്നു.
സൂപ്പർസ്റ്റാർ സൽമാൻ ഖാനോടൊപ്പം 2023 ൽ പുറത്തിറങ്ങിയ ടൈഗർ 3 എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ 2014-ൽ റോർ: ടൈഗേഴ്സ് ഓഫ് സുന്ദർബൻസ്, 2019ൽ മർജാവൻ തുടങ്ങിയ ഹിന്ദി സിനിമകളിലും, 2012ൽ കബഡി വൺസ് എഗെയ്ൻ എന്ന പഞ്ചാബി ചിത്രത്തിലും അദ്ദേഹം വേഷമിട്ടു.
ഗുർദാസ്പൂർ സ്വദേശിയായ ഘുമൻ നിലവിൽ ജലന്ധറിലാണ് താമസിച്ചിരുന്നത്. ഇവിടെ അദ്ദേഹത്തിന് സ്വന്തമായി ഒരു ജിമ്മും ഉണ്ടായിരുന്നു. 2027ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. താരത്തിന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു ഘുമനെ പഞ്ചാബിന്റെ അഭിമാനമെന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പഞ്ചാബിന് പ്രശസ്തി നേടിക്കൊടുത്ത വ്യക്തിയാണ് ഘുമനെന്ന് കോൺഗ്രസ് എംപിയും മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ജീന്ദർ സിംഗ് രൺധാവ പറഞ്ഞു. കഠിനാധ്വാനത്തിലൂടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച ഘുമൻ യുവജനങ്ങൾക്കും പ്രചോദനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |