കിളിമാനൂർ: റോഡിലേക്കിറങ്ങിയാൽ പാതയോരത്ത് പച്ചയും പഴുത്തതുമായ ഏത്തക്കുലയേ ഉള്ളൂ.അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ഏത്തക്കുല വരവ് കൂടിയതോടെ നാടൻ കർഷകർക്ക് പറയാനുള്ളത് നഷ്ടക്കഥകൾ മാത്രമാണ്.വിളവെടുത്ത കുലകൾ സംഭരിക്കാൻ ആളില്ലാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി.
കൃഷി നടക്കുന്നത്
ഏത്തവാഴ കൂടുതലായി കൃഷി ചെയ്യുന്നത് കല്ലറ,കാരേറ്റ്,കിളിമാനൂർ,പാങ്ങോട്,വെമ്പായം,അടയമൺ,മുതുവിള,വെഞ്ഞാറമൂട് പ്രദേശങ്ങളിലാണ്.അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്കെത്തുന്ന കുലകൾ വാങ്ങാനാണ് കച്ചവടക്കാർക്ക് താത്പര്യം. വയനാടൻ കുലകൾക്ക് കിലോയ്ക്ക് 15 രൂപയും തമിഴ്‌നാടന് 10 രൂപയിൽ താഴെയുമാണ് വില.കർഷകർക്ക് ഏക ആശ്രയം പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങളായിരുന്നു. ഇവ കൃഷിഭവന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
വയനാടൻ കുലകൾക്ക് കിലോയ്ക്ക് -15 രൂപ
തൊഴിലാളികളുടെ കൂലി - 750- 1000
തുടരുന്ന പ്രതിസന്ധി
നിരവധി ഏത്തക്കുലകളാണ് വിളവെടുക്കാനായുള്ളത്. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ.റബർ വിലയിടിഞ്ഞതോടെ നിരവധി കർഷകരാണ് വാഴക്കൃഷിയിലേക്ക് തിരിഞ്ഞത്. വിത്തും വളവും വിലയ്ക്ക് വാങ്ങിയാണ് കൃഷി. വാഴവിത്തിന് ഇപ്പോൾ എല്ലാ ഇനങ്ങൾക്കും 20,25 രൂപയാണ്. 750 രൂപ മുതൽ 1000 രൂപയാണ് തൊഴിലാളികൾക്ക് കൂലി.
കൃഷിച്ചെലവ് കണക്കാക്കിയാൽ ഭാരിച്ച നഷ്ടമാണ്.കച്ചവടക്കാരൻ പറയുന്ന വിലയ്ക്ക് കൊടുക്കാനേ സാധിക്കൂ. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു. വളത്തിന്റെ വിലവർദ്ധനവും പൊട്ടാഷിനടക്കം വില ഉയർന്നതും സാരമായി ബാധിച്ചിട്ടുണ്ട്.
ആവശ്യപ്പെടുന്നത്
കൃഷിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങൾ വഴിയുള്ള സംഭരണം മുടങ്ങിയതോടെ കർഷകരെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രഭാതഭക്ഷണ പദ്ധതിയിലുൾപ്പെടുത്തി വിദ്യാലയങ്ങളിലും അങ്കണവാടികളിലും നാടൻ ഏത്തപ്പഴം പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കാമെന്നും കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |