SignIn
Kerala Kaumudi Online
Sunday, 12 October 2025 5.15 PM IST

ഇവിടെയുണ്ട് കത്തിയമർന്ന സ്വപ്നങ്ങൾ

Increase Font Size Decrease Font Size Print Page
tlpm

തളിപ്പറമ്പിൽ ഉണ്ടായത് കണ്ണൂർ ജില്ലയിലെ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടിത്തം

പൂർണമായി കത്തിനശിച്ചത് 112 കടകൾ

50കോടിയുടെ നഷ്ടമെന്ന് വ്യാപാരികൾ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലുണ്ടായ തീ പിടിത്തത്തിൽ കത്തിയമർന്നത് 112 കടകൾ. സമീപകാലത്ത് ജില്ല കണ്ടതിൽ വച്ച് ഏറ്റവും വലിയ തീപിടിത്തമാണ് ദേശീയപാതയോട് ചേർന്നുള്ള കെ.വി കോംപ്ളക്സിലുണ്ടായത്.അൻപത് കോടിയുടെ നഷ്ടമുണ്ടായെന്നാണ് വ്യാപാരികൾ പറയുന്നത്. നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തിവരുന്നതേയുള്ളു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയും ഇന്നലെ നടന്നു.

തീ ആദ്യം കണ്ടെത്തിയ മാക്സ് ക്രോ ചെരുപ്പ് കട ഉടമ പി.പി.മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് കേസെടുത്തത്. തീ പട‌ർന്നത് ട്രാൻസ്ഫോമറിൽ നിന്നാണെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ഇന്നലെ നടന്ന സംയുക്ത പരിശോധനയുടെ കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നാൽ മാത്രമെ കൃത്യമായ കാരണം പറയാനാകുകയുള്ളുവെന്ന് ജില്ല ഭരണകൂടം അറിയിച്ചു. പൊലീസ്, ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർഫോഴ്സ്, റവന്യു തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ പരിശോധന നടത്തിയത്. തീ പിടിത്തത്തിന്റെ ഉറവിടമടക്കമുള്ള കാര്യങ്ങൾ ഇതുവരെയും കണ്ടെത്തിയില്ല. സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കയച്ചുട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾക്കൊടുവിലെ കൃത്യമായ നഷ്ടമുൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുകയുള്ളു.

ജീവൻ പണയം വച്ച് രക്ഷപ്രവർത്തനം

തീയണക്കാൻ ഒരുലക്ഷം ലിറ്റർ വെള്ളം

കണ്ണൂർ,​കാസർകോട് ജില്ലകളിൽ നിന്നും പതിമൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. 12000 ലിറ്റർ ജലസംഭരണശേഷിയുള്ള രണ്ട് ഫയർ എൻജിനുകളും 5000 ലിറ്റർ ശേഷിയുള്ള പതിനൊന്ന് എൻജിനുകളുമാണ് ദൗത്യത്തിനെത്തിയത്. തീ പൂർണമായും അണയ്ക്കാൻ ഒരു ലക്ഷം ലിറ്റർ വെള്ളം വേണ്ടി വന്നു. നാല് എൻജിനുകൾ സ്ഥലത്ത് പൂർണമായി ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം നടത്തിയത്. ബാക്കിയുള്ളവ തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമായുള്ള ജലാശയങ്ങളിൽ നിന്നും വെള്ളം ശേഖരിച്ച് സംഭവസ്ഥലത്തെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണം ജില്ല കളക്ടറും ഫയർ ഫോഴ്സും നിഷേധിച്ചു. മൂന്ന് നിലകെട്ടിടത്തിന് മുകളിൽ ഓക്സിജൻ മാസ്ക് ഉൾപ്പെടെ വച്ചാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയത്.

കാലഹരണപ്പെട്ട അഗ്നിരക്ഷ സംവിധാനങ്ങൾ ദുരന്തം ഇരട്ടിപ്പിച്ചെന്ന നിഗമനവും ജില്ലാഭരണകൂടത്തിനുണ്ട്. നിരവധി തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും കാലങ്ങളായി ഉടമസ്ഥർ ഇക്കാര്യം പാലിച്ചിട്ടില്ലയെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. അടുത്തടുത്തുള്ള കടകളായതും രക്ഷപ്രവർത്തനത്തിന് തടസമുണ്ടാക്കി.

വഴിയാധാരമായത് 400 ജീവിതങ്ങൾ

കത്തിനശിച്ച കടകളിൽ ജോലി ചെയ്യുന്ന നാനൂറോളം ജീവനക്കാരുടെ ജീവിതവും അപകടത്തോടെ പ്രതിസന്ധിയിലായി. ദിവസ വേതനക്കാരായ ഇവർ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.ഇതിൽ ഭിന്നശേഷിക്കാരായവരും സ്ത്രീകളും പ്രായമായവരും എല്ലാം ഉൾപ്പെടും.വസ്ത്രക്കടകൾ,​ പാത്രക്കടകൾ മൊബൈൽ ഷോപ്പുകൾ,​ തയ്യൽക്കടകൾ,​ ചെരുപ്പ് കടകൾ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങളുണ്ടായിരുന്നു. കത്തിനശിച്ച കടയുടെ അകത്തുനിന്നും വാരിക്കൂട്ടിയ സാധനങ്ങളുമായി നെഞ്ച് തകർന്നിരിക്കുകയാണ് വ്യാപാരികളും ജീവനക്കാരും.

കത്തിയമർന്നത് ഭിന്നശേഷിക്കാരുടെ സ്വപ്നവും

നഗരം കത്തിയമർന്നപ്പോൾ ഒരു പറ്റം ഭിന്നശേഷിക്കാരും വഴിയാധാരമായി. 16 ഭിന്നശേഷിക്കാർ ജോലി ചെയ്യുന്ന ഷാലിമാർ എന്ന സ്ഥാപനം പൂർണമായും കത്തി നശിച്ചു. ഭിന്നശേഷിക്കാരെ പ്രത്യേക പരിഗണന നൽകി ജോലിക്കെടുത്ത സ്ഥാപനമാണിത്. അഗ്നിബാധയിൽ കൂടുതൽ നഷ്ടമുണ്ടായതും ഇവിടെയാണ്. ഭിന്നശേഷിക്കാരെ

സ്വന്തം കാലിൽ നിക്കാൻ പ്രാപ്തരാക്കിയത് ഈ സ്ഥാപനമായിരുന്നു. ഇവരെ സ്വപ്നം കാണാൻ പഠിപ്പിച്ചത് പരേതനായ സ്ഥാപന ഉടമ സലാമായിരുന്നു.

സമാശ്വാസമാകുമോ പ്രത്യേക പാക്കേജ്

വലിയ തോതിൽ ബാധിക്കുന്ന ദുരന്തമായതിനാൽ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന സി.പി.എം സംസ്ഥാനസെക്രട്ടറിയും തളിപ്പറമ്പ് എം.എൽ.എയുമായ എം.വി.ഗോവിന്ദന്റെ വാഗ്ദാനം ചെറിയൊരു ആശ്വാസം വ്യാപാരികൾക്കും ജീവനക്കാർക്കും നൽകിയിട്ടുണ്ട്.നഷ്ടം നേരിട്ട വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുമെന്നാണ് എം.എൽ.എ ഉറപ്പ് നൽകിയത്. താലൂക്ക് ഹാളിൽ ചേർന്ന കളക്ടറടക്കമുള്ള ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കകം എല്ലാ വ്യാപാരികളിൽ നിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ റവന്യൂ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കും. നഷ്ടപരിഹാരം അനുവദിക്കുന്നതിൽ സങ്കേതികത്വം ഒഴിവാക്കി ദുരന്ത ബാധിതർക്ക് അനൂകൂലമായ നടപടികൾ എടുക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ 14 ലക്ഷം

തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ തളിപ്പറമ്പിൽ ഹൈഡ്രന്റുകൾ സ്ഥാപിക്കാനായി 14 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു. തീ പിടിത്തമുണ്ടായാൽ പൊതുജലവിതരണ പൈപ്പുകളിൽ നിന്ന് നേരിട്ട് വെള്ളമെടുക്കാൻ കഴിയുന്ന സംവിധാനമാണിത്. ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയ, തളിപ്പറമ്പ ടൗൺ, കാക്കത്തോട്, കാഞ്ഞിരങ്ങാട്, നാടുകാണി, കൂനം എന്നീ സ്ഥലങ്ങളിലാണ് ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നത്.

സംവിധാനങ്ങൾക്ക് വീഴ്ചയെന്ന് സണ്ണി ജോസഫ്

പെട്ടന്ന് തീ അണയ്ക്കാൻ കഴിയാതിരുന്നത് ഫയർ ഫോഴ്സ് സംവിധാനങ്ങളുടെ ഉൾപ്പടെയുള്ള അപര്യാപ്തതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് പറഞ്ഞു. ഇന്നലെ രാവിലെ സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികൾക്ക് കൃത്യമായ നഷ്ട പരിഹാരം നൽകാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.