മലപ്പുറം: ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ ഓരോ നിയോജക മണ്ഡലങ്ങളിലും ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതിയുമായി കെ.എസ്.ഇ.ബി. സ്റ്റേഷനുകൾക്ക് വേണ്ടിയുള്ള സ്ഥല ലഭ്യത, ബഡ്ജറ്റ് ഉൾപ്പെടെ സ്ഥാപിക്കാനുള്ള വിശദമായ കരട് രേഖ സമർപ്പിക്കാൻ കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡയറക്ടർ ഫീൽഡ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എം.എൽ.എ ഫണ്ട് കൂടി പ്രയോജനപ്പെടുത്തിയാണ് ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കുക. എം.എൽ.എയുമായി ബന്ധപ്പെട്ട് അനുയേജ്യമായ സ്ഥലം കണ്ടെത്താനാണ് നിർദ്ദേശം. ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലങ്ങളിലും ഒരു ചാർജ്ജിംഗ് സ്‌റ്റേഷൻ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.നിലവിൽ ജില്ലയിൽ കെ.എസ്.ഇ.ബിയുടെ മൂന്ന് ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. മലപ്പുറം, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലെ സബ് സ്റ്റേഷനുകളോട് ചേർന്നാണ് ഇവ. സമീപ ജില്ലകളെ അപേക്ഷിച്ച് കെ.എസ്.ഇ.ബി സ്ഥാപിച്ച ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ ജില്ലയിൽ കുറവാണ്. തൃശൂരിൽ 11 ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളുണ്ട്. കോഴിക്കോട് എട്ടും പാലക്കാട് അഞ്ചും ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളുണ്ട്. പാസഞ്ചർ, കൊമേഴ്സ്യൽ വാഹനങ്ങൾക്ക് അതിവേഗത്തിൽ ചാർജ്ജ് ചെയ്യാൻ ഫാസ്റ്റ് ചാർജ്ജിം സ്റ്റേഷനുകൾ വേണം. കാറുകൾ ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങൾക്ക് ഫാസ്റ്റ് ചാർജ്ജിംഗ് സൗകര്യമില്ലാത്തത് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ വലിയ ആശങ്കയാണ്. നിലവിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി തൂണുകളിൽ 119 പോൾമൗണ്ടഡ് ചാർജ്ജിംഗ് സ്റ്റേഷനുകൾ കെ.എസ്.ഇ.ബി സജ്ജീകരിച്ചിട്ടുണ്ട്. ബൈക്ക്, ഓട്ടോറിക്ഷ എന്നിവ ചാർജ്ജ് ചെയ്യാനാവും.
എല്ലാം അതിവേഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |