പത്തനാപുരം: കിഴക്കൻ മലയോര മേഖലയിലെ ജനവാസ മേഖലയിൽ പുലി, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷം. ജനങ്ങൾ വർഷങ്ങളായി കടുത്ത ആശങ്കയിലാണ്. പത്തനാപുരം താലൂക്കിലെ കറവൂർ, പുന്നല, ചാച്ചിപ്പുന്ന, പെരുംന്തോയിൽ, ചാങ്ങാപ്പാറ, ചണ്ണക്കാമൺ, മഹാദേവർമൺ തുടങ്ങിയ പ്രദേശങ്ങളിലാണ് പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായത്.ഇവയെ ഭയന്നാണ് വിദ്യാർത്ഥികൾ സ്കൂളിലേയ്ക്ക് പോകുന്നതും വരുന്നതും.
കഴിഞ്ഞ ദിവസം പുലർച്ചെ പൊരുംന്തോയിൽ വാർഡിലെ ചാങ്ങാപ്പാറയിൽ സുബി എന്ന സ്ത്രീയുടെ വീടിനോട് ചേർന്ന കിണറ്റിൽ പുലി വീണതോടെ താമസക്കാർ കടുത്ത ഭീതിയിലാണ്. എന്നാൽ കിണറ്റിൽ വീണ പുലി ജനങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് പറയുന്നു. കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടാനകൾ കറവൂരിലെ കൃഷികളാണ് വ്യാപകമായി നശിപ്പിക്കുന്നത്. വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലകളിൽ തകരാറിലായ സൗരോർജ്ജ വൈദ്യുതി വേലികൾ ശരിയാക്കത്തതിനാലാണ് പുലി, കാട്ടാന, കാട്ടുപന്നി അടക്കമുള്ളവ മൃഗങ്ങൾ നാട്ടിലിറങ്ങുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
പുലി സാന്നിദ്ധ്യം രണ്ടാം തവണ
പെരുംന്തോയിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത് ഇത് രണ്ടാം തവണയാണ്. പ്രതിരോധ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ചാങ്ങാപ്പാറയിലെ ജനവാസ മേഖലയിലേക്ക് പുലിയിറങ്ങിയതെന്നും കിണറ്റിൽ വീഴാൻ ഇടയാക്കിയതെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശങ്ങളിൽ പുലിക്കൂട് സ്ഥാപിക്കുകയും വനാതിർത്തികളിൽ തകരാറിലായ സൗരോർജ്ജ വൈദ്യുതി വേലികൾ പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പിറവന്തൂർ പഞ്ചായത്തിലെ പെരുംന്തോയിൽ വാർഡിലാണ് പുലിശല്യം എറ്റവും കൂടുതൽ നേരിടുന്നത്.
അർച്ചന, വാർഡ് അംഗം
നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനപാലകർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല.
പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |