ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച അദ്വൈതാശ്രമത്തിന് നേരെയുള്ള ആലുവ നഗരസഭയുടെ പ്രകോപന നടപടി വീണ്ടും. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആശ്രമ മതിലിൽ നാട്ടിയ കൊടികൾ നശിപ്പിച്ച നഗരസഭ അധികൃതർ പിഴ നോട്ടീസുമായി കഴിഞ്ഞ ദിവസം വീണ്ടുമെത്തി.
ആശ്രമ മതിലിലെ ഗ്രില്ലുകളിൽ നാട്ടിയിരുന്ന കൊടികളും ബാനറും കോടതി ഉത്തരവിന്റെ മറവിൽ നഗരസഭ ജീവനക്കാർ നശിപ്പിച്ചത് ഏറെ വിവാദമായിരുന്നു. തുടർന്ന്, അദ്വൈതാശ്രമത്തിലെത്തിയ അൻവർ സാദത്ത് എം.എൽ.എയും നഗരസഭ ചെയർമാൻ എം.ഒ. ജോണും ഖേദം പ്രകടിപ്പിക്കുകയും നഗരസഭ സെക്രട്ടറി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കുറച്ച് ദിവസത്തിന് ശേഷം പൊതുസ്ഥലത്ത് കൊടികൾ നാട്ടിയതിന് 5,000 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ട് ആശ്രമത്തിന് നഗരസഭ അധികൃതർ നോട്ടീസ് നൽകി. ഇതിന് വക്കീൽ മുഖേന രേഖാമൂലം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ മറുപടി നൽകുകയും ചെയ്തു.
ഒന്നര മാസത്തിന് ശേഷം വീണ്ടും കഴിഞ്ഞ ദിവസം നഗരസഭ ഉദ്യോഗസ്ഥർ പിഴ അടക്കാൻ നോട്ടീസുമായി ആശ്രമത്തിൽ എത്തിയത്. ആദ്യ നോട്ടീസിന് കൃത്യമായ മറുപടി നൽകിയിട്ടും വീണ്ടും നോട്ടീസ് അയച്ചത് ആശ്രമത്തെ നഗരസഭ അധികൃതർ അവഹേളിക്കുന്നതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |