കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നായ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഹോമപ്രസാദം തയ്യാറാക്കുന്നത് അന്യസംസ്ഥാന തൊഴിലാളികൾ. ക്ഷേത്രത്തിൽ നിന്ന് നൂറ് മീറ്റർ അകലെയുള്ള വാടക വീട്ടിലെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കരിപ്രസാദവും ചന്ദനവും തയ്യാറാക്കിവന്നത്.
പ്രതിഷേധങ്ങളെ തുടർന്ന് ഗ്യാസ് അടുപ്പിൽ വാട്ടിയ വാഴയിലകളും കൃത്രിമ ഹോമപ്രസാദവുമടക്കം കണ്ടെടുത്തു. മാസങ്ങളായി അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രസാദം തയ്യാറാക്കിവരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ബി.ജെ.പി- ഹിന്ദു ഐക്യവേദി പ്രവർത്തകർ പ്രസാദം തയ്യാറാക്കുന്ന വാടക വീട്ടിലേക്ക് പ്രതിഷേധവുമായെത്തി. സ്ഥലത്തെത്തിയ ദേവസ്വം അസി. കമ്മിഷണറെ പ്രതിഷേധക്കാർ തടഞ്ഞുവച്ചു.
കരിപ്രസാഗം തയ്യാറാക്കിക്കൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉടൻ മുറികൾ പൂട്ടി രക്ഷപ്പെട്ടു. കൂടുതൽ പ്രതിഷേധക്കാരും ഭക്തജനങ്ങളുമെത്തിയതോടെ സംഘർഷാന്തരീക്ഷമായി. കൊട്ടാരക്കര ഡിവൈ.എസ്.പി ബൈജുകുമാർ, സി.ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. പ്രതിഷേധക്കാർക്കൊപ്പം പൊലീസും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് മുറികൾ തുറന്നു.
ക്ഷേത്രത്തിൽ ഭക്തർ നടയ്ക്കുവയ്ക്കുന്ന ചന്ദനത്തിരികളും എണ്ണയും നെയ്യുമടക്കമുള്ള വഴിപാട് വസ്തുക്കൾ ചാക്കുകളിൽ നിറച്ച നിലയിലുണ്ടായിരുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളും നെറ്റിപ്പട്ടവും തിടമ്പും ഇവിടെ നിന്ന് കണ്ടെടുത്തു. കൃത്രിമ കരിപ്രസാദം സംബന്ധിച്ച മഹസർ തയ്യാറാക്കി ദേവസ്വം വിജിലൻസ്, ഡെപ്യൂട്ടി കമ്മിഷണർ എന്നിവർക്ക് സമർപ്പിച്ചു. സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് അസി. ദേവസ്വം കമ്മിഷണർ ആയില്യ.എം.ആർ.പിള്ള ശുപാർശ ചെയ്ത് റിപ്പോർട്ടും നൽകി.
പരിശോധനയ്ക്ക് അയയ്ക്കും
പ്രസാദം കൃത്രിമമായി തയ്യാറാക്കുന്നതിന് ഉപയോഗിച്ചവയിൽ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. രാസ പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചു. കിണറ്റിലെ വെള്ളം, മുറിയിൽ നിന്ന് കണ്ടെടുത്ത ചന്ദനം, കരി എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചു.
ഭക്തരുടെ ഇഷ്ടപ്രസാദം
ഗണപതി ക്ഷേത്രത്തിലെത്തുന്ന ഭക്തർ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന കരിപ്രസാദം നെറ്റിയിൽ തൊടുന്നത് ഭക്തിയോടെയാണ്. ഗണപതി ഹോമം നടത്തുന്നതിന്റെ ചിരട്ടക്കരിയും നെയ്യുമൊക്കെ ചേർത്താണ് കരിപ്രസാദം തയ്യാറാക്കുന്നത്. ശാന്തിക്കാരന് ദക്ഷിണ നൽകിയാണ് ഭക്തർ പ്രസാദം ഏറ്റുവാങ്ങുന്നതും വീടുകളിലേക്ക് കൊണ്ടുപോകുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |