ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ നാഷണൽ പെൻഷൻ സ്‌കീം (എൻ.പി.എസ്.) വിഹിതം ട്രസ്റ്റ് അക്കൗണ്ടിൽ അടയ്ക്കാതെ ദേവസ്വം അക്കൗണ്ടിൽ സൂക്ഷിച്ചത് ഉൾപ്പെടെ 1.07 കോടിയുടെ ക്രമക്കേടുകൾ. 2019 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെയുള്ള കണക്കുകൾ പരിശോധിച്ചാണ് ഓഡിറ്റ് വകുപ്പ് റിപ്പോർട്ട് തയ്യാറാക്കിയത്. കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന 2016-2021 കാലത്തെ ഭരണസമിതിയാണ് ക്രമക്കേട് നടത്തിയത്. സാമ്പത്തിക അച്ചടക്കമില്ലായ്മ, ആഭ്യന്തര നിയന്ത്രണ സംവിധാനത്തിലെ പോരായ്മകൾ, വർഷങ്ങളായി തീർപ്പാക്കാത്ത ഓഡിറ്റ് പരാമർശം എന്നിവ ഭരണപരമായ വീഴ്ചകളായി റിപ്പോർട്ടിൽ എടുത്തുപറയുന്നു.
കണ്ടെത്തലുകൾ
□സ്വർണം, വെള്ളി മുതലായ വില പിടിപ്പുള്ള വസ്തുക്കളുടെ ഭൗതിക പരിശോധന ദേവസ്വം നടത്തുന്നില്ല. ഗോൾഡ്, സിൽവർ ലോക്കറ്റുകൾ വിറ്റ ഇനത്തിലെ വരവിൽ 16.16 ലക്ഷത്തിന്റെ കുറവ് കണ്ടെത്തി.
□കരാറുകാരിൽ നിന്ന് ഈടാക്കിയ ടി.ഡി.എസ്, ജി.എസ്.ടി തുകകൾ വൈകി അടച്ചതിനാൽ ആദായ നികുതിയിനത്തിൽ ദേവസ്വം 58,009 രൂപ പിഴപ്പലിശയായി അധികമടയ്‌ക്കേണ്ടി വന്നു.
□ദേവസ്വത്തിന്റെ നിരവധി കടമുറികൾ ഒഴിഞ്ഞുകിടക്കുന്നു. നെന്മിനി വൈഷ്ണവം കല്യാണമണ്ഡപം വാടകയ്ക്ക് നൽകുന്നില്ല. ഗുരുവായൂർ ക്ഷേത്രം പൊലീസ് സ്റ്റേഷന് നൽകിയ ഭൂമിക്ക് തറവാടക ഈടാക്കിയിട്ടില്ല.
□ക്ഷേത്ര ഗോപുരത്തിൽ സൂക്ഷിച്ചിരുന്ന മഞ്ചാടിക്കുരു കാണാതായി. ഇത് ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 2020ലെ ഡയറി അച്ചടിച്ച വകയിൽ 10.10 ലക്ഷം നഷ്ടം സംഭവിച്ചു.
□വാർഷിക കണക്കുകൾ തയ്യാറാക്കുന്നതിൽ കാലതാമസം, ക്യാഷ് ബുക്കും ബാങ്ക് സ്റ്റേറ്റ്‌മെന്റും കൃത്യസമയത്ത് പരിശോധിക്കാതിരിക്കുക, കൃത്യമായ അക്കൗണ്ടിംഗ് ചട്ടങ്ങൾ രൂപീകരിക്കാതിരിക്കുക തുടങ്ങി അടിസ്ഥാനപരമായ കാര്യങ്ങളിൽ വീഴ്ചയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |