വിഗ്രഹാരാധനയും ക്ഷേത്രാരാധനയും ധാരാളം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ക്ഷേത്രാരാധനയിലൂടെ സർവ്വവ്യാപിയായ ഈശ്വരനെ ഒരു വിഗ്രഹത്തിൽ പരിമിതപ്പെടുത്തുകയല്ലേ ചെയ്യുന്നതെന്ന് ചിലർ ചോദിക്കാറുണ്ട്. ക്ഷേത്രാരാധനയിൽ ഈശ്വരനെ വിഗ്രഹത്തിൽ പരിമിതപ്പെടുത്തുന്നില്ല. വാസ്തവത്തിൽ ക്ഷേത്രാരാധനയിൽ പൂജാരിയും ഭക്തന്മാരും കേവലം വിഗ്രഹത്തെയല്ല, എങ്ങും നിറഞ്ഞുനില്ക്കുന്ന ഈശ്വരചൈതന്യത്തെയാണ് ആരാധിക്കുന്നത്.
കാമുകി നൽകിയ ഒരു പേനയോ, തൂവാലയോ കാണുമ്പോൾ കാമുകൻ ഓർക്കുന്നതു സ്വന്തം കാമുകിയെ അല്ലേ. കാമുകിയെയാണ് അത് പ്രതിനിധീകരിക്കുന്നത്. അതിന് പകരം മറ്റെന്തു നല്കാമെന്നു പറഞ്ഞാലും അവൻ അതു കൈമാറാൻ തയ്യാറാകില്ല. അവൻ അവയിൽക്കാണുന്നത് തന്റെ കാമുകിയെത്തന്നെയാണ്. സാധാരണ ഒരു യുവാവിന് ഇങ്ങനെ ഭാവം വരുമെങ്കിൽ, സർവ്വേശ്വരന്റെ ഓർമ്മ ഉണർത്തുന്ന വിഗ്രഹം ഭക്തന് എത്ര വിലപ്പെട്ടതായിരിക്കും! വിഗ്രഹം ഭക്തനെ സംബന്ധിച്ച് കേവലം ശിലയല്ല, ചൈതന്യമൂർത്തിയാണ്. എന്നാൽ ഈശ്വരൻ വിഗ്രഹത്തിൽ മാത്രമല്ലെന്ന് ഭക്തനു നന്നായി അറിയാം നിരാകാരവും നിർഗുണവുമായ ഈശ്വരചൈതന്യത്തെ യാതൊരു ഉപാധിയുടെയും സഹായം കൂടാതെ ആരാധിക്കുക എന്നതു സാധാരണക്കാർക്കു പ്രയാസമാണ്. ഭക്തിഭാവം വളർത്തുവാനും മനസിനെ ഏകാഗ്രമാക്കുവാനും വിഗ്രഹം വളരെ സഹായകമാണ്. വിഗ്രഹത്തിനു മുന്നിൽ നില്ക്കുമ്പോഴും കണ്ണടച്ചാണ് നാം പ്രാർത്ഥിക്കാറുള്ളത്. അങ്ങനെ മനസിനെ അന്തർമുഖമാക്കുവാനും ഉള്ളിലെ ചൈതന്യത്തെ ഉണർത്തുവാനും വിഗ്രഹം സഹായകമായിത്തീരുന്നു. സനാതനധർമ്മത്തിൽ ഈശ്വരനെ തിരയുന്നത്, പുറമെയല്ല ഉള്ളിലാണ്. ഉള്ളിൽ ദർശിക്കാനായാൽ എവിടെയും അവിടുത്തെ കാണാറാകും.
പരിമിതനായ മനുഷ്യന് അപരിമിതനായ ഈശ്വരനെ അനുഭവിക്കാൻ ക്ഷേത്രങ്ങൾ സഹായിക്കുന്നുണ്ട്. വ്യക്തിഭാവത്തിൽ ഈശ്വരനെ ആരാധിക്കുവാനും അവിടുത്തോട് ഒരു ബന്ധം വളർത്തുവാനും ക്ഷേത്രവും അവിടുത്തെ പ്രതിഷ്ഠയും ഉപകരിക്കുന്നു. ഈശ്വരനുമായി നേരിൽ സംവദിക്കുന്ന ഭാവം വളർത്തുവാൻ വിഗ്രഹം സഹായിക്കുന്നു. എന്നാൽ ക്രമേണ എല്ലായിടത്തും ഈശ്വരചൈതന്യം ദർശിക്കുവാൻ കഴിവു നേടണം. തത്ത്വമറിഞ്ഞുള്ള ക്ഷേത്രാരാധനയിലൂടെ അത് സാദ്ധ്യമാകുന്നു.
ക്ഷേത്രാരാധനയിലൂടെ നമ്മുടെയുള്ളിൽ ക്ഷേത്രം പണിയണം. പിന്നെ എവിടെയും ഈശ്വരനെ ദർശിക്കാൻ കഴിയും. അതായിരിക്കണം ക്ഷേത്രദർശനത്തിന്റെ പിന്നിലെ ലക്ഷ്യം. ശ്രീകോവിലിനു മുന്നിൽനിന്നു വിഗ്രഹത്തെ ദർശിച്ചതിനുശേഷം കണ്ണുകളടയ്ക്കുന്നതിലൂടെ നാമതാണ് ചെയ്യുന്നത്. പുറമെ ദർശിച്ച ഈശ്വരരൂപത്തെ ഹൃദയത്തിൽ കാണുക. പിന്നീടു കണ്ണുതുറന്നു സർവ്വതിലും ഈശ്വരനെ ദർശിക്കുക. അങ്ങനെ രൂപങ്ങളെല്ലാം അതിക്രമിച്ചു സർവ്വവ്യാപിയായ ആത്മതത്ത്വത്തെ സാക്ഷാത്ക്കരിക്കുവാൻ നമുക്കു കഴിയുന്നു.
ക്ഷേത്രത്തിൽ ജനിക്കാം ക്ഷേത്രത്തിൽ മരിക്കരുതെന്നു പറയാറുണ്ട്. ഈശ്വരാന്വേഷണത്തിൽ ക്ഷേത്രത്തെ ഉപാധിയാക്കാം. എന്നാൽ അതിൽത്തന്നെ ബന്ധിച്ചു നില്ക്കാൻ പാടില്ല. എല്ലാ ബന്ധനങ്ങളിൽ നിന്നുമുള്ള മോചനമാണ് ഒരുവനെ പൂർണ്ണസ്വതന്ത്രനാക്കുന്നത്. വിഗ്രഹത്തിൽ മാത്രമാണ് ഈശ്വരൻ എന്നു കരുതരുത്. എല്ലാം ചൈതന്യമാണ്, ജഡവസ്തുവെന്നൊന്നില്ല. സർവ്വതിനെയും ചൈതന്യമായിക്കണ്ട് സ്നേഹിക്കുന്ന, സേവിക്കുന്ന ഭാവമാണു ക്ഷേത്രാരാധനയിലൂടെ കൈവരുത്തേണ്ടത്. സർവ്വതിനെയും സ്വീകരിക്കുന്ന മനോഭാവമാണത്. താനും തനിക്കു ചുറ്റുമുള്ളതും എല്ലാം ഈശ്വരനാണെന്നറിയുകയാണു വേണ്ടത്. എല്ലാറ്റിനെയും ഒന്നായിക്കാണുവാൻ, തന്നെപ്പോലെ കാണുവാൻ കഴിയുന്ന ഒരു ഭാവമാണു വരേണ്ടത്. ഈ തലത്തലേക്ക് ഒരുവനെ കൈപിടിച്ചു നയിക്കുകയാണു തത്ത്വമറിഞ്ഞുള്ള ക്ഷേത്രാരാധനയിലൂടെ സാദ്ധ്യമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |