ശ്രീനാരായണ ഗുരുദേവൻ കായംകുളത്ത്, വാരണപ്പള്ളിൽ പഠിക്കാൻ വരുന്ന കാലത്തിന് കുറേ മുമ്പായിരുന്നു, ആ വാതുവയ്പ്. ഉമ്മിണിപ്പണിക്കരാണ് അന്ന് വാരണപ്പള്ളി മൂപ്പൻ. പണിക്കരുമായും അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും കായികാഭ്യാസിയുമായ കൊച്ചുവെളുമ്പൻ എന്ന വല്ലൂർ പണിക്കരുമായും അടുത്ത സൗഹൃദത്തിലായിരുന്നു, മോഷണകലയിലെ മാന്ത്രികനായി അറിയപ്പെട്ടിരുന്ന കായംകുളം കൊച്ചുണ്ണി. വല്ലൂർ പണിക്കരുമായി കായികാഭ്യാസ മുറകളെക്കുറിച്ചാണ് കൊച്ചുണ്ണി ചർച്ചചെയ്തിരുന്നതെങ്കിൽ, മോഷണ മുതൽ ഒളിപ്പിക്കാനുള്ള ഇടങ്ങളെക്കുറിച്ചായിരുന്നു ഉമ്മിണിപ്പണിക്കരുമായുള്ള ചർച്ച!
ഇക്കാര്യത്തിൽ, തയ്യിൽ ഗോവിന്ദപ്പിള്ളയായിരുന്നു ഉമ്മിണിപ്പണിക്കർക്ക് കൂട്ട് . ഗോവിന്ദപ്പിള്ളയും പണിക്കർ വഴി കൊച്ചുണ്ണിയുടെ ഇഷ്ടക്കാരനായി. ധനികരെ കൊള്ളയടിക്കുന്ന മുതൽ പലപ്പോഴും കൊച്ചുണ്ണി ഒളിപ്പിച്ചിരുന്നത് ഈ 'മാന്യസുഹൃത്തു"ക്കളുടെ സഹായം കൊണ്ടാണ്. പ്രത്യുപകാരമായി നല്ലൊരു പങ്ക് 'കമ്മീഷ"നും കൊച്ചുണ്ണി ഇവർക്ക് കൊടുക്കും. അങ്ങനെയിരിക്കെ, കരുനാഗപ്പള്ളിയിലെവിടെയോ ഉള്ള ഒരു പലിശക്കാരൻ പണക്കാരന്റെ വീട് കൊച്ചുണ്ണി കൊള്ളയടിച്ചു. പതിവു തെറ്റിച്ച് തൊണ്ടിമുതൽ ഒളിപ്പിക്കാൻ കൊച്ചുണ്ണി എത്താതിരുന്നപ്പോൾ സുഹൃത്തുക്കൾക്ക് അമർഷമായി. കൊച്ചുണ്ണിയെ ഇനി കാണുമ്പോൾ ഇതേപ്പറ്റി ചോദ്യം ചെയ്യാനും അവർ തീരുമാനിച്ചു.
കുറച്ചുദിവസം കഴിഞ്ഞ് കൊച്ചുണ്ണിയെ വഴിയിൽവച്ച് കണ്ടപ്പോൾ ഉമ്മിണിപ്പണിക്കർ ചോദിച്ചു: 'കൊച്ചുണ്ണിയെ കണ്ടിട്ട് ഒരു മാസമായല്ലോ. എന്താ, കരുനാഗപ്പള്ളിയിലെ മോഷണമൊക്കെ കഴിഞ്ഞ് വീട്ടിലായിരുന്നോ? അതോ, പൊലീസ് പിടിച്ചോ?" കൊച്ചുണ്ണി അതിന് മറുപടി പറയുംമുമ്പ് ഗോവിന്ദപ്പിള്ളയും ഒരു കൊള്ളിവാക്ക് വീശി: 'കൊച്ചുണ്ണിക്ക് ഇപ്പോൾ തൊണ്ടിമുതൽ ഒളിപ്പിക്കാനൊന്നും ഞങ്ങടെ സഹായം വേണ്ടായിരിക്കും. കൂടുതൽ വെളഞ്ഞാൽ കൊച്ചുണ്ണിയാണെന്നൊന്നും ഓർക്കത്തില്ല, പിടിച്ച് ഹരിപ്പാട്ടെ ഠാണിവിലിട്ട് പൂട്ടും!"
കൊച്ചുണ്ണിക്ക് അതുകേട്ട് ദേഷ്യംവന്നെങ്കിലും പരമാവധി സഹിച്ചു: 'കൊച്ചുണ്ണിക്ക് ഠാണാവ് പുല്ലാണെന്ന് അറിയാമല്ലോ. ഏമാന്മാർക്കിപ്പോ എന്താ വേണ്ടതെന്നു പറ..."
'കരുനാഗപ്പള്ളിയിലെ കൊള്ള മുതലിന്റെ പങ്ക് കിട്ടിയില്ലല്ലോ..."
അടുത്ത നിമിഷം വഴിയോരത്തെ ആഴക്കുളത്തിലേക്ക് കൊച്ചുണ്ണി ഒറ്റച്ചാട്ടം. കൊച്ചുണ്ണി പൊങ്ങിയത് ഒരു വലിയ വാർപ്പും അതിൽ കെട്ടിവച്ച ഒരു ഭാണ്ഡവുമായിട്ടായിരുന്നു. കൊച്ചുണ്ണി കെട്ടഴിച്ചപ്പോൾ കൂട്ടുകാർ ഇരുവരും ഞെട്ടിപ്പോയി. അതു നിറയെ സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും രത്നക്കല്ലുകളുമായിരുന്നു! പാവങ്ങൾക്ക് കൊടുക്കാനുള്ളതു കഴിഞ്ഞ് ബാക്കി ഒരു പങ്ക് തരാമെന്നു പറഞ്ഞ് കൊച്ചുണ്ണി വഴിവക്കിൽ നിന്ന് ചേമ്പില പറിച്ച്, അതിൽ സ്വർണം പൊതിഞ്ഞ് സുഹൃത്തുക്കളെ ഏല്പിച്ചു. രണ്ടുപേർക്കും മിഴിച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ.
മറ്റൊരിക്കൽ, വാരണപ്പള്ളി തറവാട്ടിൽ ഉമ്മിണിപ്പണിക്കരുമായി വെടിപറഞ്ഞിരിക്കുകയായിരുന്നു, കൊച്ചുണ്ണി. സംസാരത്തിനിടെ പണിക്കർ പെട്ടെന്ന് പറഞ്ഞു: 'കൊച്ചുണ്ണിയെ ഞാനിന്ന് വെല്ലുവിളിക്കുവാ. ഇവിടത്തെ അറപ്പുരയിൽ ഒരു കാൽപ്പെട്ടി നിറയെ സ്വർണമുണ്ട്. ആ പെട്ടി അഞ്ചു താഴിട്ട് പൂട്ടിവച്ചിരിക്കുവാ. കൊച്ചുണ്ണിക്ക് ആ സ്വർണം മോഷ്ടിക്കാൻ കഴിഞ്ഞാൽ ഞാൻ ഈ വിരലിൽക്കിടക്കുന്ന രണ്ടരപ്പവന്റെ മോതിരം അങ്ങു തരും!"
വെല്ലുവിളികേട്ട് ഉള്ളിൽ ചിരിവന്നെങ്കിലും കൊച്ചുണ്ണി അത് പുറത്തുകാണിച്ചില്ല. 'ഒരുകൈ നോക്കാം" എന്നു പറഞ്ഞ് പണിക്കരുടെ മുറുക്കാൻ ചെല്ലത്തിൽ നിന്ന് ഒരു തളിർവെറ്റിലയെടുത്ത് കൊച്ചുണ്ണി ചുണ്ണാമ്പ് തേച്ചുതുടങ്ങി. അധികം വന്ന ചുണ്ണാമ്പ് അറപ്പുരയുടെ സാക്ഷ ചെന്നുനില്ക്കുന്ന സ്ഥലത്ത് പണിക്കാർ കാണാതെ കൗശലത്തോടെ തേച്ചുവയ്ക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞ്, തിരക്കുണ്ടെന്നു പറഞ്ഞ് കൊച്ചുണ്ണി തറവാട്ടിൽ നിന്ന് മടങ്ങി.
കുറച്ചുനാൾ കൊച്ചുണ്ണിയെ ആ വഴിക്കൊന്നും കാണാതിരുന്നപ്പോൾ വെല്ലുവിളിയിൽ തോറ്രതിന്റെ ജാള്യം കാരണം അയാൾ മുന്നിൽ വരാത്തതായിരിക്കുമെന്നേ ഉമ്മിണിപ്പണിക്കർ കരുതിയുള്ളൂ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പഴയ വെല്ലുവിളിയുടെ കാര്യം പണിക്കർ മറക്കുകയും ചെയ്തു. അതേസമയം, അടുത്ത അമാവാസി എത്തുന്നത് നോക്കിയിരിക്കുകയായിരുന്നു, കൊച്ചുണ്ണി. ഗ്രാമം മുഴുവൻ ഉറക്കംപിടിച്ചതോടെ കൊച്ചുണ്ണി വാരപ്പള്ളിയിലെ അറുപ്പുര വാതിൽക്കലെത്തി. അറപ്പുരപ്പലകയിൽ മായാതെ കിടന്ന ചുണ്ണാമ്പടയാളം കണ്ടെത്തി. പിന്നെ, സഞ്ചിയിൽ നിന്ന് 'തമിര്" എടുത്ത് ശബ്ദമുണ്ടാക്കാതെ, ആ ഭാഗം തുളച്ചു. തമിരിന്റെ മുന, അകത്തെ സാക്ഷയിൽ ചെന്നു തട്ടി. ശക്തിയോടെ പിടിച്ചപ്പോൾ സാക്ഷ പതിയെ പിന്നോട്ടുനീങ്ങി, അറപ്പുര വാതിൽ മുക്കാലും തുറക്കപ്പെട്ടു! പിന്നെ എല്ലാം നിമിഷങ്ങൾകൊണ്ട് കഴിഞ്ഞു.
നേരം പുലർന്നപ്പോൾ, അറപ്പുര വാതിൽ ചാരിയിരിക്കുന്നതു കണ്ടും, സ്വർണമിരുന്ന കാൽപ്പെട്ടി നഷ്ടപ്പെട്ടതറിഞ്ഞും വീട്ടുകാർ നിലവിളി കൂട്ടിയപ്പോൾ അവരെ സമാധാനപ്പെടുത്തി ഉമ്മിണിപ്പണിക്കർ പറഞ്ഞു: 'ഇത് ആ കായംകുളം കൊച്ചുണ്ണിയുടെ പണിയാ. സാധനമൊന്നും നഷ്ടപ്പെടില്ല...!" അന്ന് ഉച്ചയോടെ, കായംകുളം കൊറ്റംകുളങ്ങരയിലുള്ള കൊച്ചുണ്ണിയുടെ മൺകുടിലിൽ അന്വേഷിച്ചെത്തിയ ഉമ്മിണിപ്പണിക്കർ കൊച്ചുണ്ണിക്കു മുമ്പിൽ തലതാഴ്‌ത്തി നിന്ന് പറഞ്ഞു: 'കൊച്ചുണ്ണീ, നീ തന്നെയാണ് ധീരൻ. നീ ജയിച്ചു; പണിക്കർ തോറ്റു."
കുടിലിന് പിന്നിലേക്കു പോയി, കച്ചിക്കൂനയ്ക്കുള്ളിൽ ഒളിപ്പിച്ച കാൽപ്പെട്ടി എടുത്തുകൊണ്ടുവന്ന് കൊച്ചുണ്ണി പണിക്കരെ തിരികെയേല്പിക്കുമ്പോൾ, പണിക്കർ തന്റെ സ്വർണമോതിരം കൊച്ചുണ്ണിയുടെ വിരലിൽ അണിയിച്ചു. വാരണപ്പള്ളി തറവാടിന്റെ പൂമുഖത്തെ അറപ്പുരയിൽ, കൊച്ചുണ്ണി അന്ന് തുരന്നതിന്റെ അടയാളം ഇന്നും കാണാം. പഴയൊരു വാതുവയ്‌പിന്റെ കഥ അത് അയവിറക്കുന്നുണ്ടോ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |